KeralaNEWS

കെ.വി.തോമസിന്റെ ചിത്രം റോഡിലിട്ട് കത്തിച്ചു; കുമ്പളങ്ങിയില്‍ അണികളുടെ രോഷം

കൊച്ചി: കെ.വി.തോമസിനെ കോൺഗ്രസിൽനിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചതിനു പിന്നാലെ, കെ.വി.തോമസിനെതിരെ ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ നിന്നും നേതാക്കൾക്കൊപ്പം വച്ചിരുന്ന കെ.വി.തോമസിന്റെ ചിത്രം എടുത്തുമാറ്റിയ പ്രവർത്തകർ, ഓഫിസിനു പുറത്ത് റോഡിലിട്ട് തീയിടുകയും ചെയ്തു.

‘തിരുത തോമസ്’ ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയർത്തിയാണ് പ്രവർത്തകർ ചിത്രം നീക്കാൻ എത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.

തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് കെ.വി.തോമസിനെ കോൺഗ്രസിൽ നിന്നു പുറത്താക്കിയത്. എഐസിസിയുെട അനുമതിയോടെയാണ് തീരുമാനമെന്ന് കെ.സുധാകരന്‍ അറിയിച്ചു. പരമാവധി കാത്തിരുന്നുവെന്നും ഇനി കാത്തിരിക്കാനാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ് അറിയിച്ചിരുന്നു.

Back to top button
error: