NEWS

പിണറായി തൃക്കാക്കരയിലെത്തി; ഉമ തോമസ് സിഐടിയു ഓഫീസിലും

തൃക്കാക്കര : കനത്ത മഴയിലും തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലാണ്.മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തിയതോടെ അതിന്റെ ചൂട് ഒന്നുകൂടി വർധിച്ചു.ഇതോടെ ചങ്കിടിപ്പ് ഏറിയത് കോൺഗ്രസ്സിനാണ്.ഉള്ള സീറ്റ് നഷ്ടപ്പെടുന്നത് അവർക്ക് ചിന്തിക്കാൻ പോലുമാവില്ല.പ്രത്യേകിച്ച് പി ടി തോമസിന്റെ ഭാര്യയെ തന്നെ കളത്തിലിറക്കിയ സ്ഥിതിക്ക്.തന്നെയുമല്ല, സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള പുകച്ചിൽ കോൺഗ്രസ് ക്യാമ്പിൽ ഇതുവരെ അടങ്ങിയിട്ടുമില്ല.ഉമ തോമസ് തോറ്റാൽ തങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് മറ്റാരെക്കാളും നന്നായി കെ.സുധാകരനും വി.ഡി.സതീശനും അറിയുകയും ചെയ്യാം.അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറുമല്ല.
മറുവശത്ത് കപ്പിനും ചുണ്ടിനുമിടയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സെഞ്ച്വറി തികയ്ക്കുക എന്നത് എൽഡിഎഫ് അഭിമാന പ്രശ്നമായി കാണുന്നു.തന്നെയുമല്ല കെ-റെയിൽ ആയിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ഭാവി നിർണ്ണയിക്കുക എന്നതും അവരുടെ ചങ്കിടിപ്പേറ്റുന്ന കാര്യമാണ്.അതിനാൽ പാർട്ടി ഒന്നാകെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നു.
ഇതിനിടയിൽ സ്ഥാനാർത്ഥികളുടെ കാര്യം പറയാനുമില്ല.വിശ്രമമില്ലാത്ത ഓട്ടപ്പാച്ചിലിലാണ് അവർ.തങ്ങളുടെ തോൽവി പാർട്ടിയുടെ തോൽവിയായി അവർ കരുതുന്നു- രണ്ടു സ്ഥാനാർത്ഥികളും നേരിട്ട് പാർട്ടിയുമായി ബന്ധമുള്ളവർ അല്ലെങ്കിൽ പോലും.അതിനാൽ എതിര്‍പാളയത്തിലാണെങ്കില്‍ കൂടി അവർ വോട്ട് ചോദിച്ച്‌ പോകും.അങ്ങനെ എതിര്‍പാളയത്തില്‍ കയറി വോട്ട് ചോദിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്.

വോട്ട് ചോദിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥിയെത്തിയത് സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ ഓഫിസില്‍.കാക്കനാട് സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസിലാണ് ഉമ തോമസും യുഡിഎഫ് സംഘവുമെത്തി വോട്ട് അഭ്യര്‍ഥിച്ചത്.ശേഷം ഉമ തോമസ് ഇടത് പാളയത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയും ചെയ്തു.

 

 

ബിജെപിയും ഒട്ടും പിന്നിലല്ല.ജയിച്ചില്ലെങ്കിൽ പോലും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർധിപ്പിക്കുക എന്നതാണ് അവർ ലക്ഷ്യമിടുന്നത്.അതിനായി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനെ തന്നെയാണ് അവർ രംഗത്തിറക്കിയിരിക്കുന്നത്.ട്വന്റി 20 യുടെ വോട്ടും ഇരുമുന്നണികളുമായും കലഹിച്ചു നിൽക്കുന്ന മണ്ഡലത്തിലെ ക്രൈസ്തവരുടെ വോട്ടുകളിലുമാണ് അവരുടെ പ്രതീക്ഷ.പ്രതീക്ഷ പൂവണിഞ്ഞാൽ ബിജെപി തൃക്കാക്കരയിൽ അട്ടിമറി വിജയം നേടുക തന്നെ ചെയ്യും.

Back to top button
error: