ചൈനയില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ചു; പുറത്തേക്ക് ഓടി യാത്രക്കാര്‍

ചോങ്​ക്വിങ്: ചൈനയിലെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനു തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം.

ചോങ്​ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. വിമാനത്തിന്റെ ചിറകില്‍നിന്ന് തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാര്‍ക്കു മാത്രം ചെറിയ പരുക്കുകള്‍ പറ്റിയെന്നും മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version