NEWS

തിരഞ്ഞെടുപ്പിൽ തൃക്കാക്കര ഇതുവരെ; യുഡിഎഫിന്റെ കോട്ടയിൽ ഇത്തവണ വിള്ളൽ വീഴുമോ ? 

എറണാകുളം: കൊച്ചി നഗരത്തിന്റെ ഹൃദയഭാഗവും കാക്കനാടും ചേര്‍ന്നുള്ള തൃക്കാക്കര നിയമസഭാ മണ്ഡലം സംസ്ഥാനത്തെ പ്രമുഖ നഗര കേന്ദ്രീകൃത മണ്ഡലമാണ്.2011 ല്‍ നിലവില്‍ വന്ന മണ്ഡലം , യുഡിഎഫിന്റ കോട്ട എന്നാണ് അറിയപ്പെടുന്നത്.
 എറണാകുളം ജില്ലയില്‍ ഇതുവരെ യുഡിഎഫ് തോല്‍വിയറിയാത്ത മണ്ഡലം തൃക്കാക്കരയാണ് .തൊട്ടടുത്ത് കിടക്കുന്ന കുന്നത്തുനാട്ടിലും കളമശേരിയിലും പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയക്കൊടി നാട്ടിയപ്പോഴും തൃക്കാക്കര യുഡിഎഫിനൊപ്പം നിന്നു.

കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റിയും ചേര്‍ന്നാണ് 2011 ല്‍ മണ്ഡലം രൂപീകൃതമായത്. കടവന്ത്ര,വൈറ്റില,പനമ്ബള്ളി നഗര്‍ ,പാലാരിവട്ടം ,ഇടപ്പള്ളി ,എളംകുളം ഇങ്ങനെ തികച്ചും നഗര കേന്ദ്രീകൃതമാണ് മണ്ഡലം.ഐടി ഹബ്ബായ ഇന്‍ഫോപാര്‍ക്കും കൊച്ചി പ്രത്യേക സാമ്ബത്തിക മേഖലയും മണ്ഡലത്തിലാണ്.

ബെന്നി ബഹനാനും പിടിയും

2011 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസില്‍ മത്സരം ഉടലെടുത്തു.ഉറച്ച സീറ്റെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂട്ടി. ഉമ്മന്‍ചാണ്ടിയുടെ നോമിനി എന്ന നിലയില്‍ മത്സരിച്ച ബെന്നി ബെഹനാന് സിപിഎമ്മിന്റെ ഹസൈനാര്‍ എതിരാളിയേ ആയിരുന്നില്ല .22,406 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയം.

 

2016-ല്‍ സിറ്റിംഗ് സീറ്റില്‍ മത്സരിക്കുന്നതിന് സോളാര്‍ വിവാദം ബെന്നിക്ക് തിരിച്ചടിയായി.സീറ്റ് ചര്‍ച്ചയില്‍ തൃക്കാക്കരയും തൃപ്പൂണിത്തുറയും ബെന്നിക്കും കെ ബാബുവിനും കൊടുക്കരുതെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വാശി പിടിച്ചത് ഒടുവില്‍ പി.ടിയുടെ വരവിന് കാരണമായി.

 

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ കത്തോലിക്കാ സഭയ്ക്ക് അസ്വീകാര്യനായി മാറിയ പിടി ഇടുക്കിയില്‍ നിന്ന് തൃക്കാക്കരയില്‍ കാലുകുത്തി. 2011ലെ പ്പോലെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും 11,996 വോട്ടിന്റെ വിജയം. നിഷ്പക്ഷ വോട്ടുകളും ലത്തീന്‍ വോട്ടുകളും സ്വാധീനിക്കാമെന്ന കണക്കുകൂട്ടലില്‍ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോളിനെ മത്സരിപ്പിച്ച എല്‍ഡിഎഫിന് കണക്കുകൂട്ടല്‍ അന്നും തെറ്റി.

 

2021 ല്‍ പി.ടി.യെമാറ്റാന്‍ സീറ്റ് മോഹികള്‍ സമ്മര്‍‍ദ്ദം ചെലുത്തിയെങ്കിലും നടന്നില്ല. അതിനകം ഉയര്‍ന്നുവന്ന ട്വന്റി ട്വന്റി കൂടി മത്സരരംഗത്ത് വന്നതോടെ പ്രൊഫഷണലിനെ പരീക്ഷിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.സ്പോര്‍ട്ട്സ് മെഡിസിന്‍ ഡോക്ടറായ ജെ.ജേക്കബിന് പക്ഷെ പി.ടി.ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.ഭൂരിപക്ഷം 2016ലേക്കാള്‍ ഉയര്‍ത്താന്‍ പി.ടി.ക്ക് കഴിഞ്ഞു. എങ്കിലും ട്വന്റി ട്വന്റി വിള്ളല്‍ വീഴ്ത്തിയത് യുഡിഎഫ് വോട്ടുകളിലായിരുന്നു. പതിമൂവായിരത്തില്‍പരം വോട്ടുകള്‍ നേടിയ ട്വന്റി ട്വന്റിക്ക് മുന്നില്‍ പതിനയ്യായിരം വോട്ടുകള്‍ നേടിയ ബിജെപി നാണക്കോട് ഒഴിവാക്കി .എങ്കിലും 2016ലേക്കാള്‍ 6000 വോട്ടുകള്‍ ബിജെപിക്ക് നഷ്ടമായി.

 

പി.ടിയുടെ ആക്സമിക വിയോഗം ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചപ്പോള്‍ ഭാര്യ ഉമ തോമസാണ് ഇവിടെ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി.സിപിഐഎം മറ്റൊരു ഡോക്ടറായ ജോ ജോസഫിനെയും പരീക്ഷിക്കുന്നു.കുന്നത്തുനാട്ടിലെ അത്രയും ശക്തമല്ലെങ്കിലും ട്വന്റി ട്വന്റിക്ക് തൃക്കാക്കരയിലും വേരോട്ടമുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പ് ഇത് തെളിയിച്ചതാണ്.ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കും എന്ന് അഭ്യൂഹമുണ്ടായെങ്കിലും രണ്ട് പാര്‍ട്ടികളും പിന്മാറി .ഇപ്പോള്‍ ട്വന്റി ട്വന്റിയുടെ വോട്ട് എങ്ങോട്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.

 

 

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ട്വന്റി ട്വന്റി എല്‍ഡിഎഫിനെ അനുകൂലിക്കുമെന്ന് കരുതാനാകില്ല.അത്രക്ക് അകല്‍ച്ച സര്‍ക്കാരുമായി സാബു ജേക്കബ്ബിന് ഉണ്ട്.എന്നാല്‍ പി ടി യുമായി നല്ല ബന്ധത്തിലുമായിരുന്നില്ല സാബു.ഇവിടെയാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.തന്നെയുമല്ല സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്ത വിഭാഗത്തിൽ ചിലരെങ്കിലും ബിജെപിയുമായി കൈകോർത്തതും അവർക്ക് പ്രതീക്ഷ നൽകുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി.

Back to top button
error: