KeralaNEWS

കെഎസ്ആർടിസിയിൽ ഇനി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർവ്വീസുകൾ

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം; കെഎസ്ആർടിസിയിൽ പരമ്പരാ​ഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിവന്ന സർവ്വീസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു.

ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം വിവിധ ഡിപ്പോകളിലെ സർവ്വീസുകൾ തമ്മിൽ ഏകോപനം ചെയ്യാൻ കഴിയാതെ ഒരേ സമയം ഒന്നിലധികം സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുക, ബസുകൾ യഥാക്രമം ഓപ്പറേറ്റ് ചെയ്യാതിരിക്കുക, പൊതു ജനങ്ങൾക്ക് ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കുവാൻ കഴിയാതെ വരുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും, ഇതിലൂടെ കോർപ്പറേഷന് ലഭ്യമാക്കേണ്ട വരുമാനത്തിൽ കുറവ് വരുന്നതും, അധിക ഇന്ധന ചിലവ് ഉണ്ടാകുന്നത് തടയുന്നതിനുമാണ് ക്ലസ്റ്റർ നടപ്പിലാക്കുന്നത്.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിന് സർവ്വീസ് ഓപ്പറേഷനെ ക്ലസ്റ്ററുകളായി തിരിച്ച് അനുയോജ്യരായ ഓഫീസർമാരെ ക്ലസ്റ്റർ തലവൻമാരായും ഓരോ ക്ലസ്റ്ററിന് കീഴിൽ രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാരെ നിയമിച്ചുമാണ് പ്രവർത്തനം ഏകോപിപ്പിക്കുക.
ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളെ ക്ലസ്റ്ററുകളായി തിരിച്ച് ഓപ്പറേഷൻ നടത്താൻ സിഎംഡി നിർദ്ദേശം നൽകിയതിനെ തുടർന്ന് അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് സർവ്വീസ് ഓപ്പറേഷൻ ആരംഭിച്ചു.

തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ 1 ന്റെ എടിഒയ്ക്കാവും ഇനി മുതൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിലെ എല്ലാ ദീർഘദൂര സൂപ്പർ ക്ലാസ് സർവ്വീസുകളുടയേും ( സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള), അന്തർ സംസ്ഥാന സർവ്വീസുകളുടേയും ഓപ്പറേഷനും മേൽനോട്ടത്തിന്റേയും ചുമതല.

തിരുവനന്തപുരം സിറ്റി കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ രണ്ടിന്റെ എടിഒയ്ക്കാവും ഇനി മുതൽ സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ , സിറ്റി റേഡിയൽ, സിറ്റി ഫാസ്റ്റ്, സിറ്റി ഓർഡിനറി എന്നിവയ്ക്ക് പുറമെ ക്ലസ്റ്റർ 2 ൽ വരുന്ന യൂണിറ്റുകളുടെ സർവ്വീസ് ഓപ്പറേഷന്റേയും മേൽ നോട്ടത്തിന്റേയും ചുമതല.

 

എല്ലാ ക്ലസ്റ്റർ ഓഫീസർമാരുടെ കീഴിലും രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാരെയും നിയമിച്ചുണ്ട്. ക്ലസ്റ്റർ ഓഫീസർമാരെ സർവ്വീസ് ഓപ്പറേഷന് സഹായിക്കുക, ക്ലസ്റ്റർ ഓഫീസർമാരുടെ നിർദ്ദേശാനുസരണം സർവ്വീസ് ഓപ്പറേഷൻ സംബന്ധമായ നടപടി സ്വീകരിക്കുക എന്നിവയാണ് ഇവരുടെ ചുമതല.

ദീർഘദൂര സർവ്വീസുകൾ സെൻട്രൽ എടിഒയുടെ കീഴിൽ കൊണ്ടു വന്നതോടെ കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ഓപ്പറേഷൻ ചുമതലയുള്ള ഡിറ്റിഒയുമായി ചേർന്ന് സ്വിഫ്റ്റുമായുള്ള ഏകോപനം നടത്തുന്നതോടെ സർവ്വീസ് കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. ഇനി മുതൽ ക്ലസ്റ്റർ 1 ലെ ഓഫീസറും, സ്വിഫ്റ്റ് ഓപ്പറേഷൻ ചാർജുള്ള ഡിടിഒയും, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷന്റെ കീഴിൽ ഒറ്റ ടീമായി പ്രവർത്തിക്കുയും ചെയ്യും.

 

Back to top button
error: