KeralaNEWS

കോൺഗ്രസിന്റെ പുനരുജ്ജീവനം: കുറുക്കുവഴികളും മാന്ത്രിക വിദ്യകളുമില്ലെന്ന് ഓർമ്മിപ്പിച്ച് സോണിയ ഗാന്ധി

ദില്ലി: കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രിക വിദ്യകളോ ഇല്ലെന്ന് ദേശീയ അധ്യക്ഷ സോണിയാഗാന്ധി. ചിന്തൻ ശിബിരത്തിന് മുന്നോടിയായുള്ള ആമുഖ പ്രസംഗത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. പാർട്ടിയെ ശക്തിപ്പെടുത്താൻ വ്യക്തി താത്പര്യത്തിന് അതീതമായി കൂട്ടായി പ്രവർത്തിക്കണം. പാർട്ടി എല്ലാവരിലേക്കും എത്തണമെന്നും സോണിയ പറഞ്ഞു.

പാർട്ടി നമുക്കായി നൽകിയതിന് തിരികെ നൽകാനുള്ള സമയമാണിതെന്ന് അവർ പറഞ്ഞു. പാർട്ടി വേദികളിൽ സ്വയം വിമർശനം വേണം. എന്നാൽ അത് വ്യക്തികളുടെ ആത്മവീര്യം തകർത്തു കൊണ്ടാകരുത്. ചിന്തൻ ശിബിരത്തെ വഴിപാടായി കാണരുത്. പ്രത്യയ ശാസ്ത്രപരമായും സംഘടനാ പരമായും കോൺഗ്രസിനെ വെല്ലുവിളി നേരിടാൻ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ശിബിരം മാറണമെന്നും സോണിയ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട   ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി കടന്നു.6 സമിതികൾ നൽകിയ നിർദ്ദേശങ്ങൾ സോണിയ ഗാന്ധി പരിശോധിച്ചു. സമിതി അധ്യക്ഷന്മാർ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി.പാർട്ടിയിൽ സമൂലമാറ്റം നിർദേശിക്കുന്നതിനൊപ്പം ,യുവ ന്യൂനപക്ഷ പ്രാതിനിധ്യം കൂട്ടുന്നതടക്കമുള്ള  നിർദേശങ്ങളുമാണ് സമിതി മുൻപോട്ട് വ ച്ചിരിക്കുന്നത്.

സംഘടനകാര്യസമിതിയുടെ നിര്‍ദ്ദേശങ്ങള്‍

    • ഒരാൾക്ക് ഒരു പദവി മാത്രമേ പാടുള്ളൂ
    • രു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകാവൂ
    • തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ തീരുമാനിക്കണം
    • പാർലമെൻറ്, നിയമസഭതെരഞ്ഞെടുപ്പുകൾക്കായി പ്രത്യേകം നിരീക്ഷകരെ അയക്കണം
    • സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന ഘടകങ്ങളുടെ നിലപാടുകൾക്ക് മുൻതൂക്കം നൽകണം
    • സഖ്യ ചർച്ചകൾക്കായി കോർഡിനേഷൻ കമ്മിറ്റികൾ വേണം
    • ദേശീയത “യോട് കൂടുതൽ ആഭിമുഖ്യം പുലർത്തണം

ചിന്തൻ ശിബിരത്തോടെ പാർട്ടിയിൽ തിരുത്തലുകളുണ്ടാകുമെന്നും, നവോന്മേഷം കൈവരുമെന്നും  വക്താവ് രൺദീപ് സിംഗ് സുർജേവാല  പ്രതികരിച്ചു. .സമിതികളുടെ  നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടത്തി  പൊതു തീരുമാനത്തിലെത്തി മുന്‍പോട്ട് പോകാനാണ് ധാരണ. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കടുത്ത വിമത സ്വരം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചിന്തന്‍ ശിബിരം ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

ചിന്തന്‍ ശിബിരത്തോടെ നടക്കുന്ന പുനസംഘടനയില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.. സംഘടനാ തലപ്പത്തടക്കം സമഗ്ര മാറ്റം വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ്  13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഉന്നമിടുന്നത്. ചിന്തന്‍ ശിബരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശും രാജസ്ഥാനുമാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്.

ശിബിരത്തോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത അവസാനിച്ചാല്‍ രാജസ്ഥാനില്‍ ഭരണം തുടരാനാകുമെന്നാണ് പ്രതീക്ഷ. കമല്‍നാഥിനെ ദേശീയ തലത്തില്‍ എത്തിച്ച് മധ്യപ്രദേശിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നും, അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സോണിയ ഗാന്ധി ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ കമല്‍നാഥ് അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹം ഒരു വേള ശക്തമായിരുന്നു.

ശിബിരത്തോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ കമല്‍നാഥിനെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണമെന്നും രാഹുല്‍ ക്ഷണം നിരസിച്ചാല്‍ അധ്യക്ഷനാക്കണമെന്ന  നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പ് 23 നേതാക്കളുമായി കമല്‍നാഥ് അടുത്ത ബന്ധം പുലര്‍ത്തുന്നതും പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷ കമല്‍നാഥ് അനുകൂലികള്‍ ഉന്നയിക്കുന്നു. അതേസമയം 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിക്കാത്തതില്‍, ചില നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വവുമായി സ്ഥിരം അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍, എംപിമാര്‍, സംസ്ഥാന അധ്യക്ഷന്മാര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കാണ് ക്ഷണം. ഇക്കൂട്ടര്‍ സ്ഥിരം നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചിട്ടും പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ലല്ലോയെന്നും പുതിയ ആശയങ്ങള്‍ തേടാനുള്ള വിമുഖതയാണ് പ്രകടമാകുന്നതെന്നുമാണ് ക്ഷണം ലഭിക്കാത്തവരുടെ പരിഭവം.

Back to top button
error: