BusinessTRENDING

മികച്ച പ്രതികരണം നേടി എല്‍ഐസി ഐപിഒ അവസാനിച്ചു

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന അവസാനിച്ചു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നടന്നു കഴിഞ്ഞു. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷന്‍ 6.06 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 1.97 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.

എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലെത്തിയത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് അവസാനിച്ചത്. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിരുന്നു. എല്‍ഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്.

എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന. മെയ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. വലിപ്പം കുറച്ചെങ്കിലും, എല്‍ഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറില്‍ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും.

Back to top button
error: