രൂപയുമായുള്ള വിനിമയ നിരക്കിലെ വര്‍ധന, കടം വാങ്ങിയും നാട്ടിലേക്ക് കാശയക്കാനുള്ള തത്രപ്പാടില്‍ പ്രവാസികൾ

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേട്ടം ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ്. കുറച്ച് ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഉയരുന്നതു കാത്തിരിക്കുന്നവരുമുണ്ട്

ഇന്ന് രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലാണ് രൂപയുടെ മൂല്യം. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്.

യു.എ.ഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്. സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രേഖപ്പെടുത്തി. 251.65 രൂപയായിരുന്നു കുവൈത്ത് ദിനാറിന്റെ നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 205.71 രൂപയും ഇന്ന് രാവിലെ രേഖപ്പെടുത്തി.

വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയുടെ മൂല്യം കൂപ്പുകുത്താന്‍ കാരണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യതകര്‍ച്ച തടയാന്‍ കഴിഞ്ഞില്ല.

എണ്ണവിലയിലെ കുതിപ്പ്, അസംസ്‌ക്യത വസ്തുക്കളുടെ ലഭ്യതക്കുറവ്, യുദ്ധം എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version