BusinessTRENDING

ടസ്ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കൂ, ഏറ്റവും മികച്ച നിക്ഷേപമാകും: മസ്‌കിനെ ഉപദേശിച്ച് പൂനാവാല

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകത്തിന്റെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്കിനെ ഉപദേശിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാർ പൂനാവാല. ടെസ്‌ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകൾ വലിയ തോതിൽ ഉൽപാദിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് പൂനാവാല ട്വിറ്ററിലൂടെ ടെസ്‍ല മേധാവിയെ ഉപദേശിച്ചത്. മൈക്രോ ബ്ലോഗിങ് ആപ്പായ ട്വിറ്റർ വാങ്ങാനുള്ള ശ്രമം തടസ്സപ്പെട്ടാൽ ഇന്ത്യയിലേക്കു വരാനാണ് പൂനാവാല മസ്കിനോട് ആവശ്യപ്പെട്ടത്.

‘ട്വിറ്റർ വാങ്ങാനുള്ള നിങ്ങളുടെ നീക്കം എന്തെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ ആ മൂലധനം ഇന്ത്യയിൽ നിക്ഷേപിക്കുക. ടെസ്‌ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള ഉൽപാദനം ഇവിടെ സാധ്യമാകും. നിങ്ങൾ നടത്തിയതിൽവച്ച് ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകാം’– പൂനാവാല ട്വീറ്റ് ചെയ്തു.

ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെയും മേധാവിയായ മസ്ക് 44 ബില്യൺ ഡോളറാണ് ട്വിറ്ററിനായി വാദ്ഗാനം ചെയ്തത്. ട്വിറ്റർ ബോർഡ് ഇത് അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൂനാവാലയുടെ ക്ഷണം. ഇന്ത്യൻ വിപണിയിൽ നോട്ടമിട്ടിരുന്നെങ്കിലും  ഇറക്കുമതി തീരുവ കൂടതലായതിനാൽ അത് നടപ്പാക്കാനാകില്ലെന്ന് മസ്ക് പറഞ്ഞിരുന്നു.

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ പദ്ധതിയില്ലെന്നും എന്നാൽ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് ഉപഭേക്താക്കൾക്ക് നേരിട്ടു വിൽക്കുമെന്ന് മസ്ക് പറഞ്ഞിരുന്നു. പൂനാവാല മാത്രമല്ല ടെസ്‌ല കാറുകൾ നിർമിക്കുന്നതിനായി ഇന്ത്യയിലേക്ക് മസ്കിനെ ക്ഷണിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ടെസ്‌ല സിഇഒയെ ഇന്ത്യയിലേക്കു ക്ഷണിച്ചവരുടെ പട്ടികയിലുണ്ട്.

Back to top button
error: