IndiaNEWS

മദ്യത്തിന് ‘കിക്കില്ല’, വെള്ളം ചേര്‍ത്തെന്ന് സംശയം: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

ഭോപ്പാൽ: മദ്യപിച്ചിട്ടും ‘കിക്ക്’ കിട്ടുന്നില്ലെന്ന പരാതിയുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കു മുന്നിലെത്തി മദ്യപൻ. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽനിന്നുള്ള ലോകേന്ദ്ര സത്യ എന്നയാളാണ്, മദ്യത്തിന് കിക്ക് കിട്ടുന്നില്ലെന്നും വിൽക്കുന്നത് വെള്ളം ചേർത്ത മദ്യമാണെന്ന് സംശയിക്കുന്നതായും പരാതി നൽകിയത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കു പുറമേ എക്സൈസ് വകുപ്പിനും പൊലീസ് ഉദ്യോഗസ്ഥർക്കും ലോകേന്ദ്ര സത്യ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി.

ഏപ്രിൽ 12ന് രണ്ടു കുപ്പി മദ്യം വാങ്ങി അകത്താക്കിയിട്ടും ‘ഒരനക്കവും’ ഇല്ലാതെ വന്നതോടെയാണ് മദ്യത്തിൽ വെള്ളം ചേർത്തതായി ലോകേന്ദ്ര സത്യയ്ക്ക് സംശയം തോന്നിയത്. ഇതോടെയാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മദ്യപിച്ചിട്ടും ലഹരി കിട്ടുന്നില്ലെന്ന് ഇയാൾ മദ്യം വാങ്ങിയ കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, തന്റെ പരാതി കേൾക്കാൻ ഇവർ തയാറായില്ലെന്ന് ലോകേന്ദ്ര സത്യ പറയുന്നു. ഇതിന്റെ പേരിൽ എന്തു വേണമെങ്കിലും ചെയ്യാനും ഇവർ വെല്ലുവിളിച്ചു. ഇതോടെയാണ് പരാതിപ്പെടാൻ ലോകേന്ദ്ര തീരുമാനിച്ചത്.

ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിക്കു പുറമേയാണ് ഇവിടെ വിൽക്കുന്ന മദ്യത്തിൽ വെള്ളം ചേർക്കുന്നതായി സംശയമുണ്ടെന്നു കാട്ടി എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ലോകേന്ദ്ര പരാതി നൽകിയത്. പരാതിക്ക് തെളിവായി അന്ന് വാങ്ങിയ രണ്ടു കുപ്പി മദ്യവും ഇയാൾ ഹാജരാക്കിയിട്ടുണ്ട്. മദ്യം പരിശോധിച്ച് തന്റെ വാദം ശരിയാണെന്ന് കണ്ടെത്തിയാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.

Back to top button
error: