ആ ദലിത് യുവാവിന്റെ കൊലപാതകം ഇസ്‍ലാമിന് എതിര്: വിമർശനവുമായി ഉവൈസി

ഹൈദരാബാദ്: ഭാര്യയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന മിശ്രവിവാഹിതനായ നാഗരാജു എന്ന ദലിത് യുവാവിനെ നഗരമധ്യത്തിലെ റോഡിൽ യുവതിയുടെ ബന്ധുക്കൾ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി രംഗത്ത്. ഈ കൊലപാതകം ഇസ്‍ലാമിന് എതിരാണെന്ന് ഉവൈസി അഭിപ്രായപ്പെട്ടു. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. ഇസ്‌ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നാണ് ഈ കൊലപാതകമെന്നും ഉവൈസി പറഞ്ഞു.

‘ഹൈദരാബാദിൽ നാഗരാജു എന്ന ദലിത് യുവാവിനെ കൊന്നത് ഇസ്‍ലാമിന് എതിരാണ്. ആ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. നാഗരാജുവിനെ കൊല്ലാൻ യുവതിയുടെ സഹോദരന് യാതൊരു അവകാശവുമില്ല. ഇത് നിഷ്ഠൂരമായ കൊലപാതകമാണ്. ഇസ്‍ലാം വിശ്വാസപ്രകാരവും ഏറ്റവും മോശം കുറ്റകൃത്യം തന്നെ’ – ഉവൈസി പറഞ്ഞു.

ഹൈദരാബാദിൽ കാർ വിൽപനക്കാരനായ ബി.നാഗരാജുവിനെ (25) കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ സഹോദരനും സംഘവും കൊലപ്പെടുത്തിയത്. പ്രണയിച്ച് വിവാഹിതനായ നാഗരാജുവിനെ, ഭാര്യ സയ്യിദ് ആശ്രിൻ സുൽത്താനയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന നാഗരാജുവും ആശ്രിൻ സുൽത്താനയും കഴിഞ്ഞ ജനുവരി 31ന് ആര്യസമാജത്തിലാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. ആശ്രിൻ പല്ലവിയെന്നു പേരുമാറ്റുകയും ചെയ്തു. വിവാഹശേഷവും ആശ്രിന്റെ വീട്ടുകാർ നാഗരാജുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചു പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 8.45ന് സരൂൻ നഗറിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ആശ്രിന്റെ സഹോദരൻ സയ്യിദ് മോബിൻ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ആശ്രിൻ ശ്രമിക്കുന്നതും നിലവിളിക്കുന്നതും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version