KeralaNEWS

സ്വിഫ്റ്റ് ബസിന്റെ ഡ്രൈവര്‍മാര്‍ മുങ്ങി, ബംഗളൂരുവിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 38 പേരുടെ യാത്ര മുടങ്ങി; പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴും യാത്രക്കാരുടെ ഉപരോധം തുടരുന്നു

ത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഊർദ്ധശ്വാസം വലിക്കുകയാണ്. ശമ്പളമില്ല, പെൻഷനില്ല. അതിനിടയിലാണ് ജീവനക്കാരുടെ പാലം വലി. ഇന്ന് വൈകിട്ട് ആറിന് പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിന് പുറപ്പെടേണ്ടിയിരുന്ന കെ.എസ്.ആര്‍.ടി.സി കെ-സ്വിഫ്റ്റ് സര്‍വീസ് മുടങ്ങി. ഡ്യൂട്ടിക്കെത്താതെ ബസിന്റെ ഡ്രൈവര്‍മാര്‍ മുങ്ങിയതാണ് കാരണം. ഒടുവിൽ സഹികെട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പോകാനെത്തിയ യാത്രക്കാർ മുഴുവന്‍ ബസുകളും സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടു.
പത്തനാപുരം സ്വദേശികളായ അനിലാല്‍, മാത്യു രാജന്‍ എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതെ മുങ്ങിയതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. ഇരുവരെയും വൈകിട്ട് മൂന്നിന് ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ കൃത്യമായി ഡ്യൂട്ടിക്ക് വരുമെന്നാണ് ഇവര്‍ പറഞ്ഞത്. ഈ കാള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഫോണില്‍ റെക്കോഡഡ് ആണ്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ വീണ്ടും വിളിച്ചു നോക്കിയെങ്കിലും മൊബൈല്‍ഫോണുകള്‍ ഓഫായിരുന്നു. കൃത്യം ആറു മണിക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്ത യാത്രക്കാര്‍ ഡിപ്പോയില്‍ എത്തി. ബസ് പുറപ്പെടുന്നില്ലെന്ന് വന്നതോടെ ഇവര്‍ പ്രതിഷേധം തുടങ്ങി.

ഡ്രൈവര്‍മാര്‍ മുങ്ങിയ വിവരം അറിഞ്ഞ് രാത്രി ഏഴു മണിയോടെ യാത്രക്കാര്‍ ഉപരോധം തുടങ്ങി. ബസ് സ്റ്റാന്‍ഡില്‍ എത്തിയ മുഴുവന്‍ ബസുകളും ഇവര്‍ തടഞ്ഞിട്ടു. ഇതോടെ ഡിപ്പോ അധികൃതര്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. 38 ടിക്കറ്റുകളാണ് ഈ സര്‍വീസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.

സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് വശമില്ല. ഇതിനായി പ്രത്യേകം ഡ്രൈവര്‍മാരെ പരിശീലനം നല്‍കി നിയമിച്ചിരിക്കുകയാണ്. അങ്ങനെ പരിശീലനം കിട്ടിയ ഡ്രൈവര്‍മാര്‍ നിലവില്‍ പത്തനംതിട്ട ജില്ലയില്‍ തന്നെയില്ല. പത്തനാപുരം സ്വദേശികളായ മറ്റ് ഡ്രൈവര്‍മാരെ കിട്ടാന്‍ ഡിപ്പോ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും രാത്രി എട്ടര വരെ ലഭ്യമായിട്ടില്ല. ഇവരെ എത്തിച്ച് ഒമ്പതു മണിയോടെ സര്‍വീസ് തുടങ്ങാനുള്ള ശ്രമം നടക്കുകയാണ്.
കെ-സ്വിഫ്ട് ആരംഭിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ദീര്‍ഘദൂര സര്‍വീസിന് പോകുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി അയയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എം.ഡി ബിജു പ്രഭാകര്‍ ഇടപെട്ടാണ് അവരെ വേണ്ടെന്ന് വച്ചത്. കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെയും 10 വര്‍ഷമായി സര്‍വീസില്‍ ഉള്ളവരെയും വേണ്ടെന്നായിരുന്നു സിഎംഡിയുടെ തീരുമാനം. ബംഗളൂരുവിലേക്കുള്ള സ്വകാര്യ എ.സി ബസുകള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിയാണ് കെ-സ്വിഫ്ടില്‍ നിയോഗിച്ചത്. ഇവര്‍ ഏത് അധികാര കേന്ദ്രത്തിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ അവധി, സേവന വേതന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് അറിയുകയുമില്ല. ഡ്യൂട്ടിക്ക് എത്താത്ത ഡ്രൈവര്‍മാരുടെ പേരില്‍ എന്തു നടപടി എടുക്കണമെന്നതും അജ്ഞാതമാണ്. ഡിപ്പോയില്‍ രാത്രിയിലും ഉപരോധം തുടരുകയാണ്.

Back to top button
error: