ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ബിഹാറില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

 പാട്നയിലെ രാം കൃഷ്ണ നഗറില്‍ ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് ജഹനാബാദ് സ്വദേശിയായ 28കാരിയെ യുവാക്കള്‍ പീഡിപ്പിച്ചത്.

വ്യാജ വിവാഹ പരിപാടിയുടെ പേരില്‍ തന്നെ വിളിച്ച്‌ വരുത്തി പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കരു കുമാര്‍ എന്നീ മൂന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവാക്കള്‍ പരിപാടി ബുക്ക് ചെയ്തത് പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ അവിടെ അങ്ങനെയൊരു പരിപാടി നടക്കുന്നില്ലെന്ന് കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്നവരോട് കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ തനിക്ക് നേരെ തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച്‌ ഒരു മുറിയിലേക്ക് വലിച്ച്‌ കൊണ്ടുപോയി. തന്നെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പറഞ്ഞു.

ഒടുവിൽ പ്രതികളുടെ കൈയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു മുറിയില്‍ കയറി വാതിലടച്ച യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിച്ചു. സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും ഇവരുടെ കൈയില്‍നിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version