NEWS

എന്താണ് ഇന്റര്‍പോള്‍? പ്രധാനപ്പെട്ട ഇന്റര്‍പോള്‍ നോട്ടീസുകൾ ഏതെല്ലാം?

ലോകമെമ്പാടുമുളള പൊലീസുകാര്‍ തമ്മിലുളള സഹകരണത്തിനും, അതുവഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുമുളള അന്താരാഷ്ട്ര സംഘടനയാണ് ലോക പൊലീസ് എന്നറിയപ്പെടുന്ന ഇന്റര്‍പോള്‍.ദ ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കുന്ന സമർത്ഥരായ പൊലീസുകാരാണ് ഇന്റർപോളിൽ പ്രവർത്തിക്കുന്നത്.ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോളിന് ലോകത്താകെ ഏഴ് പ്രാദേശിക ബ്യൂറോകളും , 194 രാജ്യങ്ങളിലായി സെന്‍ട്രല്‍ ബ്യൂറോകളുമുണ്ട്. യു.എന്നും , ഫുട്ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റർപോൾ. 1923-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നു ഇന്റർപോൾ എന്നത് പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി.അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത് .
ഇന്റര്‍പോള്‍ നൽകുന്ന ഒരു അന്താരാഷ്ട്ര അലേർട്ടാണ് ഇന്റർപോൾ നോട്ടീസ്. ഒരു അംഗരാജ്യത്തിലെ (അല്ലെങ്കിൽ ഒരു അംഗീകൃത അന്തർദ്ദേശീയ സ്ഥാപനത്തിലെ) കുറ്റകൃത്യങ്ങൾ, കുറ്റവാളികൾ, ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലോകമെമ്പാടുമുള്ള പോലീസ് സംവിധാനങ്ങളുമായി ആശയവിനിമയം നടത്താനായാണ് നോട്ടീസ്  ഉപയോഗിക്കുന്നത്.
⚡രാഷ്ട്രീയ, സൈനിക, മത, അന്തർദേശീയ വംശീയ വിഷയങ്ങൾ
⚡ചൈൽഡ് പോൺ, സൈബർ കുറ്റ കൃത്യങ്ങൾ, ലഹരിമരുന്ന് മാഫിയ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
⚡ കൂട്ടക്കൊല, മനുഷ്യക്കടത്ത്, അനധികൃത ലഹരി ഉത്പാദനം, പകർപ്പവകാശ ലംഘനം, കലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
⚡പേറ്റന്റ് അപകഹരണം, കള്ളപ്പണം വെളുപ്പിക്കൽ, കരുതിക്കൂട്ടിയുള്ള കുറ്റകൃത്യങ്ങൾ
⚡അഴിമതി, തീവ്രവാദം, യുദ്ധ കുറ്റങ്ങൾ, ആയുധ കള്ളക്കടത്ത്, ആഗോള കച്ചവടവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ
⚡ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ,
⚡കാണാതായവർ,
⚡അജ്ഞാത മൃതദേഹങ്ങൾ,
 ⚡ജയിൽ ചാടിയ കുറ്റവാളികൾ
തുടങ്ങിയവയ്ക്ക് എതിരെ പ്രവർത്തിക്കുകയും  ഇതിൽ ഉൾപ്പെട്ടവരെ കണ്ടെത്താനായി അറിയിപ്പുകളിലൂടെ അംഗ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങൾക്ക് വിവരം നൽകുകയും ചെയ്യുന്നു.
ഇന്റര്‍പോള്‍ അറിയിപ്പുകൾ എട്ട് തരത്തിൽ ഉണ്ട് .അവയിൽ ഏഴെണ്ണം അവയുടെ പ്രവർത്തനം അനുസരിച്ച് വർണ്ണാധിഷ്ഠിതമാണ്: ചുവപ്പ്, നീല, പച്ച, മഞ്ഞ, കറുപ്പ്, ഓറഞ്ച്, പർപ്പിൾ എന്നിവയാണവ. റെഡ് നോട്ടീസാണ് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്.
കുറ്റവാളിയെ കണ്ടെത്താനും , അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണ് റെഡ് കോർണർ നോട്ടീസ്.
ക്രിമിനല്‍ കേസില്‍ പ്രതികളായ വ്യക്തികളെ കണ്ടെത്തുന്നതിനായാണ് ബ്ലു കോര്‍ണര്‍ നോട്ടീസ് നല്‍കുന്നത്‌.ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വ്യക്തിത്വം, പദവി അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും  ,ഒരു രാജ്യത്തു നിന്ന് കുറ്റം ചെയ്ത ശേഷം മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യുന്ന കേസുകളിലും, മറ്റൊരു രാജ്യത്തു താമസിക്കുന്ന കുറ്റവാളിയായ ഒരാളെ കണ്ടെത്തുന്നതിനും പൊതുവില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാറുണ്ട്.
ഗ്രീന്‍ കോര്‍ണര്‍ നോട്ടീസ് ഒരു വ്യക്തി പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുമെങ്കില്‍ അയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് ഉപയോഗിക്കുന്നത്.
യെല്ലോ നോട്ടീസ് കാണാതായ ഒരാളെ കണ്ടെത്തുന്നതിനും , സ്വയം തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു വ്യക്തിയെ തിരിച്ചറിയാനുമായി ഉപയോഗിക്കുന്നു.
 ബ്ലാക്ക് നോട്ടീസ് അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുളള വിവരം തേടുന്നതിനായാണ് ഉപയോഗിക്കുക.
ഓറഞ്ച് നോട്ടീസ് ഒരു സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി പുറപ്പെടുവിക്കുന്നതാണ്.
പര്‍പ്പിള്‍ നോട്ടീസ് കുറ്റവാളികളെക്കുറിച്ചും, അവരുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിവരം നല്‍കുന്നതിന് ഉപയോഗിക്കുന്നു.
ഇത് കൂടാതെ എട്ടാമതുള്ള നോട്ടീസ് യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്‌പെഷ്യല്‍ നോട്ടീസാണ്.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അഭ്യർഥന മാനിച്ച് ഉള്ള  പ്രത്യേക നോട്ടീസും ഇതാണ് .
ഇന്റർ‌പോൾ‌ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകൾ‌ അവരുടെ  അല്ലെങ്കിൽ‌ അംഗരാജ്യങ്ങളുടെ ദേശീയ കേന്ദ്ര ബ്യൂറോകളിൽ‌ (എൻ‌സി‌ബികൾ‌) അല്ലെങ്കിൽ‌ ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര ക്രിമിനൽ‌ കോടതി പോലുള്ള അംഗീകൃത അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ‌ നിന്നുള്ള അഭ്യർ‌ത്ഥനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ അറിയിപ്പുകളും ഇന്റർപോളിന്റെ സുരക്ഷിത വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അഭ്യർത്ഥിക്കുന്നവർ സമ്മതിച്ചാൽ അറിയിപ്പുകളുടെ എക്‌സ്‌ട്രാക്റ്റുകൾ ഇന്റർപോളിന്റെ പൊതു വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കാം.
ഇന്ത്യയിൽ ഇന്റർപോളിന്റെ നോഡൽ ഏജൻസി സി.ബി.ഐ ആണ്.
അവരാണ് ഇന്ത്യയിലെ വിവിധ നിറങ്ങളിലുള്ള ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ ശുപാർശ ചെയ്യുന്നത്.

Back to top button
error: