NEWS

പഴകിയ ഷവർമയും കുഴിമന്തിയും ; പാലക്കാട് ഹോട്ടൽ അടപ്പിച്ചു

പാലക്കാട്: പത്തിരിപ്പാലയിൽ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പും മങ്കര പഞ്ചായത്തും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.സംസ്ഥാന പാതയോരത്തു പ്രവർത്തിക്കുന്ന വൈറ്റ്സാൻഡ് ഹോട്ടലിൽ നിന്നാണു പഴകിയ ഷവർമയും കുഴിമന്തിച്ചോറും ഇറച്ചിയും പിടികൂടിയത്.തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടിസ് നൽകിയെങ്കിലും നിർദേശം അനുസരിക്കാതെ പ്രവർത്തിച്ച ഹോട്ടൽ പിന്നീട് മങ്കര പൊലീസ് എത്തിയാണ് അടപ്പിച്ചത്.ഉടമയ്ക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റു പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്നു സംസ്ഥാന വ്യാപകമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടത്തുന്ന ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന.ഇന്നലെ രാവിലെ 11ന് നടന്ന പരിശോധനയിലാണു പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്.തുടർന്ന് ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും  തുടർന്നും പ്രവർത്തിക്കുകയായിരുന്നു.ഇതേ  തുടർന്നാണ് മങ്കര പൊലീസെത്തി ഹോട്ടൽ അടപ്പിച്ചത്.
വൈറ്റ്സാൻഡ് ഹോട്ടലിൽ നിന്നു പഴകിയ ഷവർമ 6 കിലോ ഗ്രാം, കുഴിമന്തി ചോറ് 10 കിലോഗ്രാം, ഗ്രിൽഡ്, ഫ്രൈഡ്, അൽഫാം ചിക്കൻ 5 കിലോഗ്രാം എന്നിവ ഫ്രീസറിൽ നിന്നു കണ്ടെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അടയ്ക്കാൻ നോട്ടിസ് നൽകിയിട്ടും അനുസരിക്കാതെ പ്രവർത്തിച്ച ഹോട്ടൽ മങ്കര എസ്ഐ എം.കെ.സുരേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി വൈകിട്ട് നാലരയോടെയാണ് അ‌ടപ്പിച്ചത്. പത്തിരിപ്പാല, മങ്കര, മാങ്കുറുശ്ശി പ്രദേശങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൃത്തിഹീനമായ നിലയിലും ലൈസൻസ് ഇല്ലാതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തിയ മറ്റ് 15 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Back to top button
error: