NEWS

വയനാട്ടിൽ മഴ കുറയുന്നു;മരുഭൂവൽക്കരണത്തിന്റെ പ്രകടമായ സൂചനയാണെന്ന് റിപ്പോർട്ട്

കൽപറ്റ: കേരളത്തിൽ ഏതെങ്കിലും ഒരു ജില്ല പൂർണമായും മരുഭൂമി ആയി മാറുമെങ്കിൽ അത് ആദ്യം നടക്കുക വയനാട്ടിലായിരിക്കും.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായിരുന്നു വയനാട്ടിലെ ലക്കിടി.എന്നാൽ ലക്കിടിയിലും വർഷത്തിൽ മിക്ക ദിവസവും മഴ കിട്ടിയിരുന്ന സൂചിപ്പാറ, വടുവൻചാൽ, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും അടുത്തകാലത്തായി മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയകാലം മാറ്റിനിർത്തിയാൽ തുടർച്ചയായ 20 വർഷമായി വയനാട്ടിൽ മഴ കുറവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

 

വർഷത്തിൽ ശരാശരി 3502 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് വയനാട്ടിൽ പെയ്തത് വെറും 1073.8 മില്ലീമീറ്റർ മാത്രമാണ്. വയനാടിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ പെയ്യുന്ന മഴയുടെ അളവിലും വ്യത്യാസമുണ്ട്. ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യർമല, മേപ്പാടി, ചെമ്പ്രമല ഭാഗങ്ങളിൽ വർഷത്തിൽ 4000 മില്ലീമീറ്റർ മഴ വരെ ലഭിക്കുമ്പോൾ പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ പെയ്യുന്നതു ശരാശരി 1500 മില്ലീമീറ്റർ മഴ മാത്രമാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ റഡാർ കേന്ദ്രവുമായി ചേർന്ന് വയനാട്ടിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.വയനാട്ടിലെ കാലാവസ്ഥാവ്യതിയാനം അതിവേഗമുള്ള മരുഭൂവൽക്കരണത്തിന്റെ പ്രകടമായ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.കബനി നദിയിലെ ജലനിരപ്പ് താഴുന്നതും ആശങ്കയ്ക്ക് ഇടനൽകിയിട്ടുണ്ട്.

 

Back to top button
error: