BusinessTRENDING

എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാന്‍ 20 ലക്ഷം രൂപ വായ്പ സഹായവുമായി എസ്ബിഐ

എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി പ്രത്യേക വായ്പയുമായി എസ്ബിഐ. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് 7.35 ശതമാനം എന്ന പ്രത്യേക നിരക്കിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ ലഭ്യമാക്കുന്നത്. പ്രത്യേക നിരക്കില്‍ 20 ലക്ഷം രൂപ വരെയോ അല്ലെങ്കില്‍ ഓഹരികളുടെ വാങ്ങല്‍ വിലയുടെ 90 ശതമാനമോ വ്യക്തിഗത വായ്പയായി ലഭിക്കും. മൂന്ന് വര്‍ഷത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റായ 7.4 ശതമാനം എന്ന നിരക്കിനേക്കാള്‍ താഴെയാണ് ഈ വായപയ്ക്കുള്ള പലിശ.

കൂടാതെ, എല്‍ഐസി ജീവനക്കാര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ ലോണിന്റെ പ്രോസസിംഗ് ഫീസും എസ്ബിഐ ഒഴിവാക്കി. 1.58 ദശലക്ഷം ഓഹരികള്‍ എല്‍ഐസി ജീവനക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്നത്. ലേലത്തിന്റെ രണ്ടാം ദിവസത്തെ കണക്കനുസരിച്ച്, ഓഹരി വില്‍പ്പനയുടെ ഈ ഭാഗം 2.21 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയിലുള്ള ശക്തമായ താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു.

ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് അനുസരിച്ച്, പോളിസി ഉടമയും റീട്ടെയില്‍ നിക്ഷേപകനുമായ എല്‍ഐസി ജീവനക്കാരന് ഐപിഒയില്‍ 6 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നിരുന്നാലും, എന്തുകൊണ്ടാണ് പരമാവധി വായ്പ തുക 20 ലക്ഷം രൂപയായി കണക്കാക്കിയതെന്ന് ചോദിച്ചപ്പോള്‍, പ്ലാന്‍ വളരെ നേരത്തെ തന്നെ അവതരിപ്പിച്ചതാണെന്നും ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള എല്‍ഐസിയുടെ നിബന്ധനകളെക്കുറിച്ച് ബാങ്കിന് അറിയില്ലെന്നും ഒരു എസ്ബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് 902-949 പ്രൈസ് ബാന്‍ഡില്‍ ഒരു ഷെയറൊന്നിന് 45 രൂപ കിഴിവായി ലഭിക്കും. 114,498 ജീവനക്കാരാണ് എല്‍ഐസിക്കുള്ളത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവില്‍ എല്‍ഐസി ഐപിഒ 103 ശതമാനമാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. സ്ഥാപന നിക്ഷേപകര്‍ക്കായി സംവരണം ചെയ്ത വിഭാഗത്തില്‍ 40 ശതമാനം വരിക്കാരായി. 3.11 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനോടെ പോളിസി ഹോള്‍ഡര്‍മാരുടെ ഭാഗത്തിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ലഭിച്ചു. റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗം 93 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്തു.

Back to top button
error: