NEWS

രാജ്യമാകെ കൈവിട്ടിട്ടും  പാഠം പഠിക്കാത്ത കോൺഗ്രസ്

നൂറു വർഷത്തിന് മുകളിൽ ചരിത്ര പാരമ്പര്യമുള്ള കോൺ​ഗ്രസ്സിന് അവരുടെ പ്രതാപമാകെ നഷ്ടപ്പെടുകയാണ്.കേവലം രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി പാർട്ടിയുടെ നിലനിൽപ്പ് ചുരുങ്ങുന്നു.ലോകത്ത്‌ ഒരു രാഷ്ട്രീയകക്ഷിക്കും ഇത്തരമൊരു പരിതാപകരമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന്‌ പറയാനാകില്ല. സ്വാതന്ത്ര്യാനന്തരം ഭൂരിപക്ഷം സംസ്ഥാനത്തും ഭരണം കൈയാളിയിരുന്ന കോൺഗ്രസിനെ ഇന്ന്‌ ഈ ഗതികേടിലേക്ക് തള്ളിവിട്ടത് അവരുടെ നേതാക്കൾ തന്നെയാണ്.
അധികാര രാഷ്ട്രീയവും കുടുംബ വാഴ്ചയും തമ്മിൽ തല്ലും യാതൊരു ആദർശതയും ഇല്ലാതെ നേതാക്കളും അണികളും ഒക്കെ ചേർന്ന് കോൺഗ്രസിനെ ഇന്ന് രാജ്യത്തെ ഏറ്റവും ദുർബലമായ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റിയിരിക്കുകയാണ്.കാശ്‌മീർ മുതൽ കേരളം വരെയുള്ള എല്ലാ സംസ്ഥാനത്തും കോൺഗ്രസിൽ പ്രശ്‌നങ്ങളാണ്‌.എന്നാൽ, ഇത്‌ പരിഹരിക്കാനാവശ്യമായ കേന്ദ്രനേതൃത്വം ഇല്ലതാനും.രാഷ്ട്രീയ ജഡാവസ്ഥയാണ്‌ ഇന്നത്തെ കോൺഗ്രസിന്റെ മുഖമുദ്ര.
 കഴിഞ്ഞവർഷം ആഗസ്‌തിൽ കപിൽ സിബലിന്റെയും ഗുലാംനബി ആസാദിന്റെയും നേതൃത്വത്തിലുള്ള ജി 23 ഗ്രൂപ്പ്‌ പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇതാണ്‌. സജീവവും കൂട്ടായതുമായ നേതൃത്വമാണ്‌ വേണ്ടത്‌. കോൺഗ്രസിന്‌ ഇപ്പോൾ ഇല്ലാത്തതും അതാണ്‌.

കോൺഗ്രസിൽ എല്ലാ പദവിയും നോമിനേറ്റഡാണ്‌. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ അന്യമായിട്ട്‌ ദശാബ്ദങ്ങൾ പിന്നിട്ടു. ‘ഗാന്ധി കുടുംബം നോമിനേറ്റ്‌ ചെയ്യുന്നു, ഞങ്ങൾ അണികൾ പിന്തുണയ്‌ക്കാം’ എന്നതാണ്‌ കോൺഗ്രസ്‌ രീതി.കേരളത്തിൽ ഉൾപ്പടെ ഇപ്പോൾ നടക്കുന്ന വടംവലികളും അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നുണയുന്നതിനും സ്ഥാനമാനങ്ങളും പദവികളും നേടുന്നതിനും വേണ്ടിയുള്ളതാണ്‌.ഒരു പ്രത്യയശാസ്‌ത്ര പരിവേഷവും ഇതിനില്ല.

 

കോൺഗ്രസിന്റെ 100–-ാം വാർഷികാഘോഷവേളയിൽ 1985 ഡിസംബർ 28ന്‌ മുംബൈയിൽ നടത്തിയ പ്രസംഗത്തിൽ രാജീവ്‌ ഗാന്ധി പറഞ്ഞത്‌ കോൺഗ്രസുകാർ ഇന്ന്‌ ഓർമിക്കുന്നുണ്ടാകില്ല. ‘ദേശീയത, മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ്‌ മഹത്തായ ഈ രാജ്യത്തിന്റെ പ്രത്യയശാസ്‌ത്രം. എന്നാൽ, അത്‌ ജനങ്ങളിൽ എത്തിക്കണമെന്ന കാര്യം കോൺഗ്രസ്‌ നേതാക്കൾ മറന്നു.’ പ്രത്യയശാസ്‌ത്ര വ്യക്തതയും കൂറും ഇല്ലാത്തതാണ്‌ നേതാക്കളെ അധികാരംമാത്രം തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത്‌.കെ വി തോമസായാലും തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ വിമത ശബ്ദം ഉയർത്തിയ ഡൊമിനിക് പ്രസന്റേഷൻ ആയാലും ഇതിന്റെ ബാക്കി പത്രമാണ്.പി ജെ കുര്യൻ ആകട്ടെ ഉപരാഷ്ട്രപതി സ്ഥാനം ലഭിച്ചാൽ ബിജെപിയിലേക്ക് പോകാൻ കച്ചകെട്ടി ഇരിക്കുകയാണ്.

 

സ്വാതന്ത്ര്യസമരത്തിൽ നേതൃപരമായ പങ്കുവഹിച്ച പാർട്ടി ആ സമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഉപേക്ഷിച്ചതാണ്‌ ഇന്നത്തെ ദുർഗതിക്കുള്ള കാരണം.ഹിന്ദുത്വ വർഗീയതയെ തോൽപ്പിക്കാൻ അതിന്റെ ചിഹ്നങ്ങളും അടയാളങ്ങളും തന്നെ വാരിപ്പുണരുമ്പോൾ ജ്യോതിരാദിത്യ സിന്ധ്യമാരും ജിതിൻ പ്രസാദമാരും ഇനിയും ഉണ്ടാകുമെന്ന്‌ ഉറപ്പിച്ചുപറയാം.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് സുരക്ഷിതമായ സീറ്റായാണ് തൃക്കാക്കര വിലയിരുത്തപ്പെടുന്നത്.അതിനാല്‍ തന്നെ മത്സരിക്കാന്‍ എറണാകുളത്തെ പല പ്രമുഖ നേതാക്കളും താത്പര്യം പ്രകടിപ്പിച്ചിരുന്നു. അവസാന നാളുകളില്‍ പി.ടി തോമസ്  ഗ്രൂപ്പുകാരന്‍ ആയിരുന്നില്ലെങ്കില്‍ പോലും എ ഗ്രൂപ്പിന്റെ സീറ്റായാണ് തൃക്കാക്കരയെ കണക്കാക്കുന്നത്.അതിനാല്‍ തന്നെ, എ ഗ്രൂപ്പില്‍ നിന്നുള്ള സർവമാന നേതാക്കളും സീറ്റില്‍ കണ്ണുവച്ചിരുന്നു.അപ്പോഴാണ് പിടിയുടെ വിധവയെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കം കെപിസിസിയിൽ നിന്നും ഉണ്ടായത്.സഹതാപ തരംഗം ഉയർത്തി ഉള്ള സീറ്റ് നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ നീക്കം.ഇല്ലെങ്കിൽ തങ്ങളുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് സുധാകരനും സതീശനും അറിയാം.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയായിരുന്നു നഗരസഭാ സ്‌പോട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ തോല്‍വി.ഇതിന് പിന്നാലെ തൃക്കാക്കര കോണ്‍ഗ്രസില്‍ പോരും തുടങ്ങി. സ്ഥിരം സമിതി അദ്ധ്യക്ഷനും ബ്ലോക്ക് പ്രസിഡന്റുമായ നൗഷാദ് പല്ലച്ചിക്കെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ് ഡിസിസിക്ക് പരാതി നല്‍കി. യുഡിഎഫ് കൗണ്‍സിലര്‍മാരോട് ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം എടുത്തതാണ് എല്‍ഡിഎഫ് വിജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.’തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ നൗഷാദ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.നൗഷാദിനെ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് നീക്കണം,’ വി ഡി സുരേഷ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ആകെയുള്ള അഞ്ച് സീറ്റിലും എതിരില്ലാതെ ഇടത് പ്രതിനിധികള്‍ ജയിക്കുകയായിരുന്നു ഇവിടെ.തമ്മിലടി കാരണം സ്ഥാനാർഥി നിർണയം നീണ്ടുപോയതായിരുന്നു കാരണം.

Back to top button
error: