IndiaNEWS

കൊവിഡ് മരണ കണക്ക്: ലോകാരോഗ്യ സംഘടനയെ വിമർശിച്ച് ഇന്ത്യ

ദില്ലി: രാജ്യത്ത് കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതിന്‍റെ ഒൻപതിരട്ടിയിൽ ഏറെയെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മിക്ക രാജ്യങ്ങളിലും കോവിഡ് മരണങ്ങൾ ശരിയായി രേഖപ്പെടുത്തപ്പെടുത്തിയില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ വിമർശനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കൊവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്രം തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകൾ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് മരണങ്ങൾ കണക്കിൽ ഉൾപ്പെടുത്തപ്പെട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദം കേന്ദ്ര സർക്കാർ നേരത്തേ തള്ളിയിരുന്നു. ഇന്ത്യയിലെ യഥാർത്ഥ കൊവിഡ് മരണം 47 ലക്ഷമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഔദ്യോഗിക കണക്കിൽ ഉള്ളതിന്റെ ഒൻപത് ഇരട്ടിയിൽ കൂടുതലാണിത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.

കൊവിഡ് ബാധിച്ച് 2020 ജനുവരി മുതൽ 2021 ഡിസംബർ വരെ നടന്ന മരണങ്ങളാണ് ലോകാരോഗ്യ സംഘടന പുനരവലോകനം നടത്തിയത്. കൊവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുൻപുള്ള കാലത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് വിദഗ്ധ സംഘം പുതിയ കണക്ക് തയാറാക്കിയത്. ലോകത്തെ യഥാർത്ഥ കൊവിഡ് മരണസംഖ്യ ഒന്നരക്കോടി വരുമെന്ന് റിപ്പോർട്ടിലുണ്ട്. നേരത്തെ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടി വരുമിത്. ഇതുവരെ 54 ലക്ഷം മരണങ്ങൾ മാത്രമാണ് ലോക രാജ്യങ്ങളുടെ കണക്കിലുള്ളത്. മിക്ക രാജ്യങ്ങളിലും യഥാർത്ഥ മരണസംഖ്യ രേഖപ്പെടുത്തിയിട്ടില്ല.

ഈജിപ്തിൽ യഥാർത്ഥ മരണസംഖ്യ രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടിയാണ്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും ഔദ്യോഗിക കണക്കുകൾ കൃത്യമല്ല. രാജ്യങ്ങളിൽ മികച്ച വിവര ശേഖരണ സംവിധാനം വേണമെന്നാണ് ഇത് തെളിയിക്കുന്നത്. മറ്റൊരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകുമ്പോൾ നന്നായി തയാറെടുക്കണമെങ്കിൽ യഥാർത്ഥ കോവിഡ് മരണ കണക്കുകൾ അംഗീകരിക്കപ്പെടണമെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഗുരുതരമായ യാഥാർത്ഥ്യമാണ് കണക്കുകളിൽ പ്രകടമാകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു.

Back to top button
error: