BusinessTRENDING

നാലാംപാദ ലാഭത്തില്‍ 35 ശതമാനം വളര്‍ച്ചയുമായി ഐഡിബിഐ ബാങ്ക്

നാലാംപാദ ലാഭത്തില്‍ 35 ശതമാനം വളര്‍ച്ചയുമായി ഐഡിബിഐ ബാങ്ക്  മുംബൈ: ഐഡിബിഐ ബാങ്കിന്റെ നികുതിയ്ക്കുശേഷമുള്ള ലാഭം നാലാംപാദത്തില്‍ 35 ശതമാനം വര്‍ധിച്ച് 691 കോടി രൂപയായി. കുറഞ്ഞ പ്രൊവിഷനിങ്ങും, ആസ്തിയിലുണ്ടായ പുരോഗതിയും, കടത്തിന്റെ മികച്ച തിരിച്ചുപിടിക്കലുമാണ് ഇതിന് സഹായിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ നികുതിയ്ക്കു ശേഷമുള്ള ലാഭം 512 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1,359 കോടി രൂപയില്‍ നിന്നും 79 ശതമാനം ഉയര്‍ന്ന് 2,439 കോടി രൂപയായി.  ബാങ്കിന്റെ അറ്റ പലിശ വരുമാനം നാലാംപാദത്തില്‍ 25 ശതമാനം ഇടിഞ്ഞ് 2,420 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,240 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ ആദായ നികുതി റീഫണ്ടിന്റെ 1,313 കോടി രൂപയുടെ പലിശ വരുമാനം ഒഴിവാക്കിയാല്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ അറ്റ പലിശ വരുമാനം 26 ശതമാനം ഉയര്‍ന്നു.  കഴിഞ്ഞ നാല് വര്‍ഷങ്ങളായി ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന് കീഴിലായിരുന്നു. അതുകൊണ്ട് ബാലന്‍സ് ഷീറ്റില്‍ വളര്‍ച്ചയുണ്ടായിരുന്നില്ല. ഞങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്നത് 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. അതിനാലാണ് ഞങ്ങളുടെ പലിശ വരുമാനത്തില്‍ കുറവും, ബിസിനസിലെ പുരോഗതി ഏഴ് ശതമാനവും കാണിക്കാനായത്. ഈ വര്‍ഷം മുഴുവന്‍ ഞങ്ങള്‍ക്ക് ഉയര്‍ന്ന ബിസിനസിന്റെ നേട്ടവും, വരുമാനത്തില്‍ പുരോഗതിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ്മ പറഞ്ഞു. അറ്റ പലിശ മാര്‍ജിന്‍ 5.14 ശതമാനത്തില്‍ നിന്നും 3.97 ശതമാനമായി കുറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി 22.37 ശതമാനത്തില്‍ നിന്നും 19.14 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.97 ശതമാനത്തില്‍ നിന്നും 1.27 ശതമാനമായി.

Back to top button
error: