NEWS

സ്വർണം വിറ്റാലും ആദായനികുതി നൽകണം

സ്വർണം
സ്വർണം വിറ്റ് ലാഭമെടുത്താൽ രണ്ടുതരത്തിലാണ് നികുതി ബാധ്യതവരിക.ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും. മൂന്നുവർഷക്കാലം കൈവശംവെച്ചശേഷമാണ് സ്വർണം വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധനനേട്ട നികുതിയാണ് ബാധകമാകുക.അതിന് താഴെയാണെങ്കിൽ ഹ്രസ്വകാലനേട്ടവും.
ഹ്രസ്വകാലയളവിൽ സ്വർണം വിറ്റാൽ മൊത്തംവരുമാനത്തോട് ലാഭം ചേർത്ത് ആദായ നികുതി സ്ലാബ് പ്രകാരമാണ് നികുതി നൽകേണ്ടത്. 10ശതമാനം സ്ലാബിലാണെങ്കിൽ 10ശതമാനവും 30ശതമാനം സ്ലാബിലാണെങ്കിൽ 30 ശതമാനവും നികുതി ബാധകമാകുമെന്ന് ചുരുക്കം.
ദീർഘകാല മൂലധന നേട്ടപ്രകാരം ഇൻഡക്സേഷൻ ആനുകൂല്യത്തോടെ സെസ് ഉൾപ്പടെ 20.8ശതമാനമാണ് നികുതി ബാധ്യതവരിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നേട്ടത്തിൽനിന്ന് കിഴിച്ചശേഷമാകും നികുതി ബാധ്യതവരിക. കാലാകാലങ്ങൡ സർക്കാർ പുറത്തുവിടുന്ന കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ്(സിപിഐ)പ്രകാരമാണ് ഇൻഡക്സേഷൻ കണക്കാക്കുക.
ഗോൾഡ് ബോണ്ടിലാണ് നിക്ഷേപം നടത്തിയിട്ടള്ളതെങ്കിൽ കാലാവധി പൂർത്തിയാശേഷം പിൻവലിക്കുന്ന നിക്ഷേപത്തിന് ആദായ നികുതി ബാധ്യതയില്ല.
റിയൽ എസ്റ്റേറ്റ്
സ്വർണത്തെപോലെ ഹ്രസ്വകാല-ദീർഘകാല മൂലധനനേട്ടംതന്നെയാണ് റിയൽ എസ്റ്റേറ്റിനും ബാധകം. ദീർഘകാല നേട്ടത്തിന്റെ ആനുകൂല്യം ലഭിക്കാൻ സ്വർണത്തിന് മൂന്നുവർഷമാണെങ്കിൽ റിയൽ എസ്റ്റേറ്റിന് രണ്ടുവർഷംമാത്രമാണുള്ളത്.
അതായത്, രണ്ടുവർഷം കൈവശംവെച്ചശേഷമാണ് ഭൂമി വിൽക്കുന്നതെങ്കിൽ പണപ്പെരുപ്പം കിഴിച്ചുള്ള നേട്ടത്തിന് സെസ് ഉൾപ്പടെ 20.8 ശതമാനം ആദായ നികുതി നൽകിയാൽ മതിയാകും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് പ്രകാരംതന്നെയാണ് നികുതി നൽകേണ്ടത്.

Back to top button
error: