കെ.മത്തായി ചാക്കോ എന്ന ബാറ്റൺബോസ്

ടിമാലിക്കാരൻ മത്തായി ചാക്കോ തന്റെ ആദ്യ നോവലുമായി കോട്ടയത്ത് എത്തിയിട്ട് നാൽപ്പതു വർഷങ്ങൾ പിന്നിടുകയാണ്.പിന്നീട് മത്തായി ചാക്കോയ്ക്ക് അടിമാലിയിലേക്ക് തിരിച്ചു പോകേണ്ടിയും വന്നിട്ടില്ല എന്നത് കാലം കരുതിവെച്ച കൗതുകം.എഴുത്തുകാർക്ക് എന്നും വളക്കൂറുള്ള മണ്ണ് തന്നെയായിരുന്നല്ലോ അല്ലെങ്കിലും കോട്ടയം.ലക്ഷക്കണക്കിന് വായനക്കാരെ ആകർഷിക്കാൻ കോട്ടയത്തെത്തിയ ഈ എഴുത്തുകാർക്കെല്ലാം സാധിച്ചിട്ടുണ്ടെങ്കിലും ആ എഴുത്തുകാരെ വേണ്ടരീതിയിൽ മനസ്സിലാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം മാത്രം ഇവിടെ ബാക്കിയാവുകയാണ്.
അഗതാ ക്രിസ്റ്റി,സർ ആർതർ കോനൻ ഡയൽ എന്നിവരെയെല്ലാം ആർത്തിയോടെ വായിച്ചിരുന്നവരാണ് മലയാളികൾ.അതേസമയം ബാറ്റൺ ബോസും കോട്ടയം പുഷ്പനാഥും തോമസ് ടി അമ്പാട്ടും നീലകണ്ഠൻ പരമാരയുമെല്ലാം നമുക്ക് തൊട്ടുകുടാത്തവരുമായി.അതെ കോട്ടയത്തിന് അക്ഷരനഗരമെന്ന പേര് ലഭിക്കാൻ ഇവരൊക്കെ തന്നെയാണ് കാരണം.
ഇരുന്നൂറോളം നോവലുകൾ എഴുതിയ ആളാണ് കെ.മത്തായി ചാക്കോ.ഏറെയും കുറ്റാന്വേഷണ/ഹൊറർ നോവലുകൾ.കെ.മത്തായി ചാക്കോ എന്നു പറഞ്ഞാൽ ഒരു പക്ഷെ നിങ്ങളറിയുകയില്ലായിരിക്കും.അതേസമയം ബാറ്റൺ ബോസ് എന്നു പറഞ്ഞാൽ അറിയുകയും ചെയ്യും.അതും കാലം കരുതിവെച്ച മറ്റൊരു കൗതുകം.
“1975-76 കാലഘട്ടത്തിൽ ഞാൻ അടിമാലി എസ്. എൻ. ഡി. പി സ്കൂളിൽ പഠിക്കുന്ന കാലത്താണ്  ആദ്യമായി പുഷ്പനാഥ് സാറിന്റെ നോവൽ വായിക്കുന്നത്. കോട്ടയത്തു നിന്നും പ്രസിദ്ധീകരിക്കുന്ന മനോരാജ്യം എന്ന വാരികയിലെ “ഡെവിൾ” എന്ന കഥ ആയിരുന്നു അത്. ദേവികുളം കേന്ദ്രമാക്കി എഴുതിയ ഒരു നോവൽ ആയിരുന്നു അത്.എന്റെ വീട് അടിമാലിയിലായിരുന്നുവെങ്കിലും ദേവികുളം എന്ന സ്ഥലം എനിക്കത്ര  പരിചയമില്ലായിരുന്നു.പുഷ്പനാഥ് സർ കഥയിൽ ആ സ്ഥലത്തിന്റെ ഭംഗിയെ പറ്റി വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ടായിരുന്നു.ഒരിക്കൽ ദേവികുളത്തു  പോകുവാൻ എനിക്ക് അവസരം ലഭിച്ചു.നല്ല തണുപ്പും കാറ്റും കോടമഞ്ഞുമൊക്കെ നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം. പുഷ്പനാഥ് സർ തന്റെ കഥയിൽ വരച്ചു കാട്ടിയ അതേ അനുഭവം തന്നെ എനിക്ക് അവിടെ കാണുവാൻ കഴിഞ്ഞു. ഡെവിൾ എന്ന കഥ ഞാനും എന്റെ സുഹൃത്തുക്കളും ഒന്നിച്ചിരുന്നാണ് വായിച്ചത്.ഒന്നാം അദ്ധ്യായം മുതൽ അവസാനം വരെയും ഉദ്വേഗവും ആകാംഷയും നിറഞ്ഞു നിൽക്കുന്ന വായനാനുഭവം.അതു വായിച്ചു കഴിഞ്ഞശേഷം രാത്രിയിലൊക്കെ പുറത്തിറങ്ങുവാൻ ഭയം തോന്നുമായിരുന്നു.അത്രയ്ക്ക് ഉൾക്കൊണ്ട് എഴുതിയ നോവൽ ആയിരുന്നു അത്.അങ്ങനെ കോട്ടയം പുഷ്പനാഥ്  കഥകളുടെ ഒരു ആരാധകൻ ആയി മാറുകയായിരുന്നു ഞാൻ.അതിനു ശേഷം ഞാനും ഈ രീതിയിൽ കഥകൾ മനസ്സിലിട്ടു നെയ്തെടുക്കാൻ തുടങ്ങി.അതിനുമുമ്പ് തന്നെ ഞാനൊരു നോവൽ എഴുതിയിരുന്നു.അതെന്റെ പതിമൂന്നാം വയസ്സിലായിരുന്നു.പിന്നീടായിരുന്നു ഞാൻ കോട്ടയത്തേക്ക് ചേക്കേറുന്നത്.പഠനം പൂർത്തീകരിച്ച ശേഷം.അപ്പോൾ എന്റെ കൈയിൽ എഴുതി പൂർത്തിയാക്കിയ ഒരു നോവലുമുണ്ടായിരുന്നു..”
ബാറ്റൺ ബോസിന്റെ
എഴുത്തുവഴികൾ
••••••••••••••••••••••••••
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്ക്കൂൾ മാസികയിൽ എഴുതിയ ഒരു കഥയെ വികസിപ്പിച്ചെടുത്താണ് ഏഴു വർഷത്തിനു ശേഷം ബാറ്റൺ ബോസ് എന്ന ഡിറ്റക്ടീവ് നോവലിസ്റ്റ് തന്റെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ എഴുതിയത്. ഓസ്ട്രേലിയയുടെ പശ്ചാത്തലത്തിലുള്ള ആ നോവൽ എഴുതാനിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് സ്ക്കൂൾ പാഠപുസ്തകത്തിലെ ഓസ്ട്രേലിയയുടെ ഒരു ഭൂപടം മാത്രമായിരുന്നു. ആ ഭൂപടത്തിൽ പെർത്ത്, ഡാർവിൻ, സിഡ്നി, മെൽബൺ എന്നീ സ്ഥലങ്ങളും കാൾഗുർലി, കുൾഗാർലി, കിംബർലി എന്നീ സ്വർണ്ണഖനികളും അടയാളപ്പെടുത്തിയിരുന്നു. ഈ സ്ഥലനാമങ്ങളും തന്റെ ഭാവനാവിലാസവും സമന്വയിപ്പിച്ചു കൊണ്ടാണ് ബാറ്റൺ ബോസ് ‘ഡോ. സീറോ’ എന്ന തന്റെ കന്നിനോവൽ 30 അധ്യായങ്ങളിലായി ഒരുക്കിയെടുത്തത്. വായനക്കാരെ പിടിച്ചിരുത്തുന്ന സംഭവപരമ്പരകളും സസ്പെൻസും നോവലിലുടനീളം അദ്ദേഹം കൊണ്ടുവന്നു.
1980കളുടെ തുടക്കമായിരുന്നു അത്. മലയാളത്തിലെ കുറ്റാന്വേഷണ നോവൽ രചനാരംഗത്ത് ഒരു മഹാമേരു കണക്കെ കോട്ടയം പുഷ്പനാഥ് നിറഞ്ഞു നില്ക്കുന്ന കാലം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ മനസ്സിൽ അദ്ദേഹം നേടിയെടുത്ത താരപദവി അദ്വിതീയമായിരുന്നു. അദ്ദേഹത്തിന്റെ രചനകൾക്കു വേണ്ടി മലയാളത്തിലെ ജനപ്രിയ പ്രസിദ്ധീകരണങ്ങൾ പരസ്പരം മത്സരിച്ചിരുന്ന അക്കാലത്ത് ഒരു പുതിയ കുറ്റാന്വേഷണ നോവലിസ്റ്റിന്റെ രംഗപ്രവേശം തികച്ചും അസാധ്യമായിരുന്നു എന്നുതന്നെ പറയാം.
പക്ഷേ പരിശ്രമശാലിയും ശുഭാപ്തിവിശ്വാസിയുമായ കെ. എം. ചാക്കോ തന്റെ ആദ്യനോവൽ ബാറ്റൺ ബോസ് എന്ന തൂലികാനാമവും ചേർത്ത് കോട്ടയത്തെ മാമാങ്കം വാരികയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ നവാഗത എഴുത്തുകാരന്റെ നോവൽ വായിച്ച മാമാങ്കത്തിന്റെ പത്രാധിപസമിതിയിലെ അംഗങ്ങൾ വിസ്മയഭരിതരായി. കോട്ടയം പുഷ്പനാഥിന് ഒരു പിൻഗാമിയെ ലഭിച്ചതിന്റെ ആഹ്ലാദവും അവർ പരസ്പരം പങ്കുവെച്ചു. പിന്നെയൊട്ടും വൈകിയില്ല. ബാറ്റൺ ബോസ് എന്ന പുതിയ നോവലിസ്റ്റിന്റെ രംഗപ്രവേശം അവർ വിളംബരം ചെയ്തു.
നോവലിലുടനീളം നിലനിർത്തിയ നാടകീയതയും ചടുലമായ ആഖ്യാനവും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും ‘ഡോ. സീറോ’യെ വ്യത്യസ്തമാക്കി. വായനക്കാർ ഹർഷാരവത്തോടെ പുതിയ നോവലിസ്റ്റിനെ എതിരേറ്റു. തന്റെ കന്നിനോവലിലൂടെ ബാറ്റൺ ബോസ് എന്ന പേരും ബ്രാൻഡ് ചെയ്യപ്പെട്ടു. ഡോ. സീറോയ്ക്ക് ലഭിച്ച സ്വീകാര്യത കേരളഭൂഷണത്തിന്റെ സൺഡേ സപ്ലിമെന്റിനു വേണ്ടി തന്റെ രണ്ടാമത്തെ നോവൽ രചിക്കാൻ ബാറ്റൺ ബോസിന് ആത്മവിശ്വാസം നല്കി. ആഫ്റ്റർ ഡെത്ത് എന്ന് പേരിട്ട ആ നോവൽ സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ഒരു കൃതിയായിരുന്നു. വായനക്കാർക്ക് തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം നല്കണം എന്ന ഉദ്ദേശ്യത്താൽ തന്നെയാണ് അത്തരമൊരു പരീക്ഷണത്തിന് അദ്ദേഹം ഒരുങ്ങിയത്. ‘ആഫ്റ്റർ ഡെത്ത് ‘ പെട്ടെന്നു തന്നെ കേരളഭൂഷണം പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തു. അന്ന് കേരളഭൂഷണത്തിന്റെ കീഴിലായിരുന്ന മനോരാജ്യം വാരികയിലും ആഫ്റ്റർ ഡെത്തിന്റെ പരസ്യം വലിയ പ്രാധാന്യത്തോടെ അച്ചടിച്ചുവന്നു. അതോടെ ബാറ്റൺ ബോസ് എന്ന നാമം വായനക്കാർക്കിടയിൽ പ്രിയങ്കരമായി.
ആദ്യത്തെ രണ്ടു നോവലുകളും ഹിറ്റുകളായി മാറ്റാൻ കഴിഞ്ഞ ഒരു നോവലിസ്റ്റിന്റെ കാര്യത്തിൽ തന്റെ അടുത്ത നോവലിന്റെ പ്രസിദ്ധീകരണം എന്നത് നിർവിഘ്നം നടക്കേണ്ടതായ ഒരു സംഗതിയാണ്. പക്ഷേ ആശ്ചര്യകരമായ ഒരു വിധിവൈപരീത്യമാണ് ബാറ്റൺ ബോസിന്റെ എഴുത്തുവഴിയിൽ സംഭവിച്ചത്. ഡോ. സീറോയ്ക്കും ആഫ്റ്റർ ഡെത്തിനും ശേഷം അദ്ദേഹത്തിന്റെ നോവലുകളൊന്നും അന്നത്തെ ജനപ്രിയ വാരികകളിലൂടെ വെളിച്ചം കണ്ടതേയില്ല. അദ്ദേഹം എഴുതാതിരുന്നതു കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. എഴുതി പ്രസിദ്ധീകരിക്കാൻ നല്കിയതെല്ലാം വാരികക്കാർ നിഷ്കരുണം നിരസിച്ചതു കൊണ്ടാണ്. തുടർന്നെഴുതിയ നോവലുകളൊന്നും പ്രസിദ്ധീകരണയോഗ്യമല്ല എന്ന നിലപാടിലായിരുന്നു അവർ. സ്വാഭാവികമായും ഏതൊരെഴുത്തുകാരനെയും എഴുത്ത് മതിയാക്കി സ്വന്തം തട്ടകത്തേക്ക് പിന്തിരിയാൻ പ്രേരിപ്പിക്കുന്ന ദുരനുഭവമായിരുന്നു അത്. പക്ഷേ ബാറ്റൺ ബോസ് തളർന്നില്ല. അചഞ്ചലമായ നിശ്ചയദാർഢ്യവും ശുഭാപ്തിവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. അദ്ദേഹം വീണ്ടും വീണ്ടും എഴുതി. എഴുത്തിന്റെ വഴിയിൽ അടിയുറച്ചു മുന്നോട്ട് നീങ്ങി.
ഒടുവിൽ അദ്ദേഹത്തിന്റെ കരിനാദ്ധ്വാനം വിജയഭേരി മുഴക്കാൻ തുടങ്ങി. ഒരിടവേളയ്ക്കു ശേഷം ബാറ്റൺ ബോസിന്റെ നോവലുകൾക്ക് ആവശ്യക്കാർ വന്നു തുടങ്ങി. പത്രാധിപന്മാർ ബോസിന്റെ സൃഷ്ടികൾക്കായി കാത്തുനില്ക്കുന്ന അവസ്ഥ വന്നു. ഒരേ സമയം ഏഴിലേറെ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി എഴുതേണ്ടുന്ന അനുഭവവും വന്നുചേർന്നു. ഇരുന്നൂറിലേറെ നോവലുകളാണ് അക്കാലയളവിൽ എഴുതിത്തീർത്തത്. പലതും സൂപ്പർ ഹിറ്റുകൾ. നോവലുകൾ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ബ്ലാക്ക് ബെൽറ്റ് ‘ശാന്തം ഭീകരം’ എന്ന പേരിലും റെയ്ഞ്ചർ ‘ക്യാപ്റ്റൻ’ എന്ന പേരിലും സിനിമയായി. ഡിറ്റക്ടീവ് നോവലുകളിൽ തുടങ്ങി ക്രൈം നോവലുകളിലേക്കും പിന്നെ ത്രില്ലറുകളിലേക്കും അവിടെനിന്ന് ക്രൈം ത്രില്ലറുകളിലേക്കും സഞ്ചരിക്കുകയായിരുന്നു ബോസിന്റെ തൂലിക.
 വായനക്കാരെ ഉദ്വേഗത്തിന്റ മുൾമുനയിൽ നിർത്തിക്കൊണ്ട് ചടുലമായ വേഗത്തിലും താളത്തിലും കഥ പറയാൻ അറിയാവുന്ന ഒരാളാണ് ബാറ്റൺ ബോസ്.നാൽപ്പതുകൊല്ലമായി തുടരുന്ന തന്റെ എഴുത്തുജീവിതത്തിനിടയിൽ എത്രയോ വമ്പൻ ഹിറ്റുകൾ ഇതിനകം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു.
 ക്രൈം ത്രില്ലറുകളായിരുന്നു ബാറ്റൺ ബോസിന് ഏറെ പഥ്യം.പക്ഷെ എഴുതിയിരുന്നതെല്ലാം ജനപ്രിയ വാരികകളിൽ ആയിരുന്നതുകൊണ്ടാവാം അദ്ദേഹത്തെയും പിടിച്ച് ‘പൈങ്കിളി’ ആക്കി കളഞ്ഞു “വരേണ്യർ” !!
 ഇന്നത്തെ ജനപ്രിയ നോവലിസ്റ്റുകളിൽ ഏറ്റവും സീനിയറും ഇദ്ദേഹം തന്നെയാണ്.ബാറ്റൺബോസിനെ പറ്റി റവ.ജോർജ് മാത്യു പുതുപ്പള്ളി ഫേസ്ബുക്കിൽ കുറിച്ച രസകരമായ ഒരു കുറിപ്പുണ്ട് :
“മംഗളം വാരികയിൽ ഞാൻ
കോളം എഴുതിക്കൊണ്ടിരുന്ന സമയം.
അന്ന് കുറ്റാന്വേഷണ നോവലിന്റെ  കടുത്ത വായനക്കാരൻ കൂടിയായിരുന്നു ഞാൻ.
ബാറ്റൺ ബോസ് ആയിരുന്നു
എന്റെ ഇഷ്ട നോവലിസ്റ്റ്.
ഒരിക്കൽ മംഗളം വാരിക
ചീഫ് എഡിറ്റർ  ശ്രീ അമ്പാട്ട് സുകുമാരൻ നായരുമായി  കുറ്റാന്വേഷണ നോവൽ സാഹിത്യത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ഞാൻ.
ഇഷ്ട നോവലിസ്റ്റായ ബാറ്റൺ ബോസിനെക്കുറിച്ചും ഇതിനിടയിൽ  ഞാൻ ആദരവോടെ സാറിനോട് തിരക്കി.
ഓഫീസിനുള്ളിലിരുന്ന്  ഒരു കൊച്ചുമനുഷ്യൻ ഞങ്ങളുടെ സംഭാഷണം
ചെറു പുഞ്ചിരിയോടെ അപ്പോൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ പോകാൻ ഒരുങ്ങുമ്പോൾ
അദ്ദേഹത്തെ ചൂണ്ടിക്കാണ്ടി
അമ്പാട്ട് സാർ എന്നോട് ചോദിച്ചു :
‘ഈ ഇരിക്കുന്നത് ആരാണെന്ന് അച്ചന് അറിയാമോ ?’
‘അറിയില്ല’ ഞാൻ പറഞ്ഞു.
അദ്ദേഹം തുടർന്നു :
‘ഇതാണ് നമ്മൾ സംസാരിച്ചു കൊണ്ടിരുന്ന  മലയാളികളുടെ പ്രിയങ്കരനായ കുറ്റാന്വേഷണ നോവലിസ്റ്റ് ബാറ്റൺ ബോസ്.’
ആദ്യം എനിക്കത് വിശ്വസിക്കാനായില്ല.
ഞാൻ ചാടിയെണീറ്റ്  അദ്ദേഹത്തിന് കൈകൊടുത്തു.അന്ന് മുതൽ ആരംഭിച്ച സ്നേഹബന്ധം
ഇന്നും അഭംഗുരം തുടരുന്നു.
ഞാൻ സ്ഥിരമായി പ്രോഗ്രാം ചെയ്യുന്ന
‘പവർ വിഷൻ ടിവി’ ചാനലിൽ
ചീഫ് പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി
ബാറ്റൺ ബോസ് ഇതിനിടയിൽ നിയമിതനായി.
ഒരിക്കൽ ഞാൻ ചോദിച്ചു :
‘സാർ, അതീവ സൗമ്യനും മിതഭാഷിയുമായ താങ്കൾക്ക് ഈ ‘ബാറ്റൺ ബോസ്’ എന്ന ഗംഭീരനാമം എങ്ങനെ കിട്ടി ?’
സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു :
‘അച്ചോ, ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചു വളർന്ന എന്റെ യഥാർത്ഥ പേര് കെ. മത്തായി ചാക്കോ എന്നാണ്. എന്നാൽ ആ പേരിനൊരു ജനകീയത പോരെന്ന തോന്നൽ.. അങ്ങനെയാണ് ഈ തൂലികാനാമത്തിനുള്ളിൽ ഒളിച്ചിരിക്കാൻ ഞാൻ തീരുമാനിച്ചത്.’
തലക്കനം ലവാലേശമില്ലാത്ത,
വന്നവഴി ഇന്നുവരെ  മറക്കാത്ത,
വിനയം ജീവിതത്തിൽ മുഖമുദ്രയാക്കിയ, ഒരു
ജനപ്രിയ എഴുത്തുകാരൻ
കൂടിയാണ് ബാറ്റൺ ബോസ്…
 ബാറ്റൺ ബോസ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം.ചാക്കോ ഇടുക്കി അടിമാലി സ്വദേശിയാണ്.അദ്ദേഹത്തിന്റെ ആദ്യ നോവൽ ‘ഡോ. സീറോ’ മാമാങ്കം വാരികയിലാണ് പ്രസിദ്ധീകരിച്ചത്.
ആദിവാസി യുവാവായ കണ്ണന്റെ കഥ പറഞ്ഞ ‘ചോരയ്ക്ക് നിറം ചുവപ്പ്’ ഉൾപ്പടെ എണ്ണം പറഞ്ഞ മാസ്റ്റർ പീസുകൾ ബാറ്റൺ ബോസിൽ നിന്നും പുറത്തു വന്നിട്ടുണ്ട്.1985-86 കാലഘട്ടത്തിൽ മംഗളം വാരികയിലാണ്  ‘ചോരയ്ക്ക് നിറം ചുവപ്പ്’ പ്രസിദ്ധീകരിച്ചത്.ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ഇന്നും തന്റെ എഴുത്ത് ജീവിതത്തിൽ സജീവമാണ് അദ്ദേഹം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version