BusinessTRENDING

എല്‍ഐസി: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് തുടക്കമായി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഐപിഒ ആരംഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാണിത്. ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടക്കുക. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന. മെയ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.

നേരത്തെ 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം എന്നാല്‍ നിലവിലുള്ള വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കണമെന്ന് സെബി നിര്‍ദേശിക്കുകയായിരുന്നു. ബാങ്ക് ആപ്പുകള്‍, ബ്രോക്കറേജ് ആപ്പുകള്‍ എന്നിവയുടെ സഹായത്തോടെ ഓഹരി വാങ്ങാം. നിക്ഷേപം നടത്തുന്നവര്‍ക്ക് ഡിമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. ബിഎസ്ഇയിലും എന്‍എസ്ഇയിലും മെയ് 17ന് എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്യും.

Back to top button
error: