NEWS

അബുദാബി ബിഗ് ടിക്കറ്റ്: 12 മില്യൺ നേടി മലപ്പുറം സ്വദേശിയും കൂട്ടുകാരും

അബുദാബി: ഇന്നലെ (ചൊവ്വ) അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്ക് ഒന്നാം സമ്മാനം.മുജീബും കൂട്ടുകാരും ചേർന്നെടുത്ത ടിക്കറ്റിനാണ് പെരുന്നാൾ സമ്മാനമായി കോടികൾ  ലഭിച്ചത്.
ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.സമാനത്തുക കൃത്യമായി പങ്കുവയ്ക്കുമെന്ന് മുജീബ് പറഞ്ഞു. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും സ്വന്തമാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്.
1996 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മുജീബ് 2006 ലാണ് യുഎഇയിലെത്തിയത്. അൽ നഖ കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറാണ് ഈ 49കാരൻ. പിതാവ് നേരത്തെ മരിച്ചു. അമ്മയും നാല് സഹോദരിമാരും ഭാര്യയും നാല് കുട്ടികളുമുണ്ട്. രണ്ട് പെൺകുട്ടികളും രണ്ട് ആൺമക്കളുമാണുള്ളത്.

Back to top button
error: