BusinessTRENDING

ഐപിഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു

ന്യൂഡല്‍ഹി: മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപര്‍ സ്വന്തമാക്കിയത്.

ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള 5.92 കോടി ഓഹരികളില്‍, 4.2 കോടി ഓഹരികള്‍ (71.12 ശതമാനം) 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി അനുവദിച്ചു. കൂടാതെ, ചില ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളും, പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍സ് പെന്‍ഷന്‍ ഫണ്ട് സ്‌കീം എന്നിവ ഇതില്‍ പെടുന്നവയാണ്.

വിദേശ കമ്പനികളില്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ബിഎന്‍പി ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍പി എന്നിവ ഉള്‍പ്പെടുന്നു. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികള്‍ (22.13 കോടി ഓഹരികള്‍) വിറ്റഴിച്ചാണ് സര്‍ക്കാര്‍ 21,000 കോടി രൂപ സമാഹരിക്കുക. ഇന്ത്യന്‍ വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒയാണിത്. 2021ല്‍ പേടിഎമ്മിന്റെ 18,300 കോടി രൂപയുടെ ഐപിഒയും, 2010 ല്‍ കോള്‍ ഇന്ത്യയുടെ 15,200 കോടി രൂപയുടെ ഐപിഒയുമാണ് ഇതിനുമുമ്പത്തെ ഉയര്‍ന്ന റെക്കോര്‍ഡുകള്‍.

Back to top button
error: