NEWS

ഷവർമ്മ വഴി ഭക്ഷ്യ വിഷബാധ;  കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസര്‍കോട്; കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.അതേസമയം എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്.51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്.
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.തുടങ്ങിയവയാണ് ഷിഗല്ലയുടെ ലക്ഷണങ്ങൾ.പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം.ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്.തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം.
 കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിന്റെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് പെരിടോണിറ്റിസ് എന്ന അവസ്ഥയിലേക്കു നയിക്കാം.രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.

Back to top button
error: