KeralaNEWS

ഇനിയുള്ള മാസങ്ങൾ കേരളത്തിൽ മഴനാളുകൾ, വേനൽ മഴക്കു പിന്നാലെ കാലവർഷവും ഉടൻ

  തിരുവനന്തപുരം: മെയ് 4 മുതല്‍ രണ്ട് ദിവസങ്ങൾ മധ്യ- കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള മേഖലകളിലും തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേയെത്തുമെന്നാണ് സൂചന

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും ഇടുക്കി, മലപ്പുറം ജില്ലകളില്‍ മെയ് 4ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നുമാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന. മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തെക്കൻ ആൻഡമാൻ കടലിൽ മെയ്‌ നാലോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കും.

ജൂണില്‍ ആരംഭിച്ച് സെപ്തംബറില്‍ അവസാനിക്കുന്ന കാലവര്‍ഷത്തില്‍ മധ്യ- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയും ഉണ്ടാകുമെന്നാണ് ആദ്യഘട്ട പ്രവചനത്തില്‍ പറയുന്നത്. ഇത്തവണ കേരളത്തിൽ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ചില്‍ ആരംഭിച്ച സീസണില്‍ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു. എല്ലാ ജില്ലയിലും അധിക മഴ പെയ്തു. അടുത്ത ദിവസങ്ങളിലും ഇടിയോടു കൂടിയുള്ള മഴ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തുടരും.

Back to top button
error: