NEWSSportsTRENDING

തോല്‍വികള്‍ക്കൊടുവില്‍ മുംബൈയ്ക്ക് കന്നി ജയം

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്കൊടുവില്‍ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസനെഅഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സീസണിലെ ആദ്യ പോയന്‍റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം മുംബൈ നാലു പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 35 റണ്‍സെടുത്തു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 158-6, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 161-5.

159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ രണ്ടോവറില്‍ 23 റണ്‍സടിച്ച് നല്ല തുട്ടമിട്ടെങ്കിലും അശ്വിനെറിഞ്ഞ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങി. ഫോമിന്‍റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്ത കിഷനും പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബോള്‍ട്ടിന്‍റെ പന്തില്‍ കിഷനെ(18 പന്തില്‍ 26) സഞ്ജു പിടികൂടി.

പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ പവര്‍ പ്ലേ പിന്നിട്ടതിന് പിന്നാലെ കുല്‍ദീപ് സെന്നും യുസ്‌വേന്ദ്ര ചാഹലും പന്തെറിയാനുണ്ടായിട്ടും പാര്‍ട്ട് ടൈം ബൗളറായ ഡാരില്‍ മിച്ചലിനെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണിന്‍റെ തന്ത്രം പാളി. മിച്ചല്‍ എറിഞ്ഞ ഏഴാം ഓവറില്‍ തിലക് വര്‍മയും സൂര്യകുമാറും ചേര്‍ന്ന് 21 റണ്‍സടിച്ച് മുംബൈയുടെ സമ്മര്‍ദ്ദമകറ്റി. പിഴവ് തിരിച്ചറിഞ്ഞ സഞ്ജു അടുത്ത ഓവറില്‍ ചാഹലിനെ പന്തേല്‍പ്പിച്ചു. ചാഹലിന്‍റെ പന്തില്‍ സൂര്യകുമാര്‍ കനത്തൊരു എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ചത് മുംബൈക്ക് കരുത്തായി.

മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍-തിലക് വര്‍മ സഖ്യം 81 റണ്‍സ് എടുത്ത് മുംബൈയെ ലക്ഷ്യത്തിലേക്ക് നയിച്ചു. അനായാസം ജയത്തിലേക്ക് നീങ്ങുകയായിരുന്ന മുംബൈയെ ഞെട്ടിച്ച് സൂര്യകുാമറിനെ(39 പന്തില്‍ 51) ചാഹലും, തിലക് വര്‍മയെ(30 പന്തില്‍ 35) വീഴ്ത്തിയതോടെ മുംബൈ വണ്ടും സമ്മര്‍ദ്ദത്തിലായി.

ഫിനിഷറായി ക്രീസിലെത്തിയ പൊള്ളാര്‍ഡ്(14 പന്തില്‍ 10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും(9 പന്തില്‍ 20*), അവസാന ഓവറില്‍ സിക്സിലൂടെ കളി ജയിപ്പിച്ച ഡാനിയേല്‍ സാംസും(ഒരു പന്തില്‍ 6*) ആണ് മുംബൈ കാത്തിരുന്ന ജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓഴറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 52 പന്തില്‍ 67 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാനായി പൊരുതിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 16 റണ്‍സെടുത്ത് പുറത്തായി. മുംബൈക്കായി റിലെ മെറിഡിത്തും ഹൃത്വിക് ഷൊക്കീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.വണ്‍ ഡൗണായി ക്രീസിലത്തിയ ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണ്‍ രണ്ട് സിക്സുമായി നല്ല തുടക്കമിട്ടെങ്കിലും ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ പുറത്തായി.

Back to top button
error: