NEWS

ഡിജിറ്റല്‍ ഇന്ത്യ പേരില്‍ മാത്രം; ഏറ്റവും അധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും ഇന്ത്യയിൽ

ന്യൂഡൽഹി: കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. തുടർച്ചയായി നാലാം വർഷവും (2021) ഇന്ത്യ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സസ് നൗ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തി.ഇത് ലോകത്തിലെ ഏതൊരു രാജ്യത്തിലേതിനേക്കാൾ ഉയർന്നതാണ്. 2020ൽ ഇന്ത്യ 109 ഇന്റർനെറ്റ് ഷട്ട്ഡൗൺ ആണ് ഏർപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് റിപ്പോർട്ടുചെയ്‌തിരിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് 4 നും 2020 മാർച്ച് 4 നും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്‌സ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെ 106 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകളിൽ 85 എണ്ണം ജമ്മു കശ്മീരിലാണ്. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നത് മുതൽ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് വരെ ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തൊനീഷ്യ, മ്യാൻമാർ, പാകിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യ-പസിഫിക് മേഖലയിലാണ് മിക്ക ഇന്റർനെറ്റ് ഷട്ട്ഡൗണുകളും സംഭവിച്ചത്. Top10VPN-ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്റർനെറ്റ് നിശ്ചലമായത് കാരണം ഇന്ത്യയ്ക്ക് നഷ്ടമായത് ഏകദേശം 280 കോടി ഡോളർ (ഏകദേശം 21426.52 കോടി രൂപ) ആണ്.

Back to top button
error: