NEWSWorld

കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ

ദുബായ്: ചരിത്രത്തിലാദ്യമായി കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. 2023 ജൂണ്‍ മാസം മുതല്‍ക്കാണ് കോര്‍പറേറ്റ് ആദായ നികുതി ഏര്‍പെടുത്തുകയെന്ന് യുഎഇയിലെ ധനകാര്യ മന്ത്രാലായം അറിയിച്ചു. നികുതി നിരക്ക് ഒന്‍പത് ശതമാനമാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ബിസിനസ് മേഖലകളില്‍ നിന്നുള്ളവരുടെ അഭിപ്രായം തേടി ധനമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു.

മെയ് 19ന് മുന്‍പായി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കോര്‍പറേറ്റ് നികുതി ഏര്‍പെടുത്തുന്നതിനുള്ള തീരുമാനം യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. നികുതിദായകര്‍ക്ക് ഭാരമാകാത്ത വിധത്തില്‍ ഇത് നടപ്പാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രാലയത്തിലെ അണ്ടര്‍ സെക്രെട്ടറി യൂനസ് ഹാജി അല്‍ ഖൂരി പറഞ്ഞു.

യുഎഇയില്‍ ഇതുവരെ ഒരു വിധത്തിലുള്ള ആദായ നികുതിയും ഏര്‍പെടുത്തിയിരുന്നില്ല. ബിസിനസ്, വ്യവസായ, പ്രഫഷണല്‍ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നികുതി ബാധകമാവുക. ഇവ നടത്തുന്ന വ്യക്തികളും കമ്പനികളുമാണ് ഇനി മുതല്‍ നികുതി നല്‍കേണ്ടി വരിക. വാര്‍ഷിക വരുമാനം 3 .75 ലക്ഷം ദിര്‍ഹം വരെയുള്ളവര്‍ക്ക് നികുതി ബാധകമായിരിക്കില്ല. അതിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 9 ശതമാനം നികുതി വരും.

നികുതി രഹിത രാജ്യങ്ങള്‍ എന്നതായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ ഏറ്റവും വലിയ ആകര്‍്ഷണീയത. എണ്ണയില്‍ നിന്നുള്ള വമ്പന്‍ വരുമാനം മൂലമാണ് അവര്‍ ഇത് തുടര്‍ന്ന് പോന്നിരുന്നത്. എന്നാല്‍ എണ്ണയുടെ വിലയിടിവും ഡിമാന്‍ഡിലെ കുറവും ഇതര ഊര്‍ജ സ്രോതസുകള്‍ ഉയര്‍ന്നു വരുന്നതുമാണ് മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവരെ പ്രേരിപ്പിക്കുന്നത്. സൗദി അറേബ്യാ ഉള്‍പ്പടെയുള്ള രാജ്യങ്ങളും വില്പന നികുതി ഏര്‍പെടുത്തിയിട്ടുണ്ട്. നേരത്തെ യുഎഇ ഉള്‍പ്പടെ പല ഗള്‍ഫ് രാജ്യങ്ങളും വാറ്റ് നടപ്പാക്കിയിരുന്നു.

Back to top button
error: