NEWS

കേരളത്തിൽ ക്രൈസ്തവ പാർട്ടിയുമായി ബിജെപി

തിരുവനന്തപുരം : തന്ത്രങ്ങള്‍ പലത് പയറ്റിയിട്ടും പാര്‍ലമെന്റ്ററി രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് വിജയം കൊയ്യാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം.ഇപ്പോളിതാ പുതിയൊരു തന്ത്രം കേരളത്തിൽ പയറ്റാനുള്ള ഒരുക്കത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ കേരളത്തിൽ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാനാണ് പുതിയ നീക്കം.ക്രൈസ്തവ സമൂഹത്തിന് അടുത്തിടെ ബി ജെ പിയോടുണ്ടായിട്ടുള്ള അനുകൂല നിലപാട് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ച്‌ കഴിഞ്ഞു.കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രണ്ട് മുന്‍ എം എല്‍ എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത് അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേന്ദ്രത്തിലെ പ്രമുഖ ബിജെപി നേതാവിനോടൊപ്പം കേരളത്തിലെ പ്രമുഖരും പങ്കെടുത്തിരുന്നു. തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിയുടെ നീക്കം.

 

 

പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാന്‍ ശ്രമമുണ്ട്. വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘടനകളുമായി പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. ബി.ജെ.പി. കേന്ദ്ര നേതൃത്വവും സഭാനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നനിലയിലാണ് ജോണ്‍ ബര്‍ലയുടെ സന്ദര്‍ശനം.

Back to top button
error: