KeralaNEWS

വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: മുഖ്യമന്ത്രി

ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രത്തിനാണുള്ളത്. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നുംഅദ്ദേഹം പറഞ്ഞു. ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല.  ഫെഡറല്‍ സംവിധാനത്തില്‍ ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉടനടി നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കണമെന്നും ഇതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം:-

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന് ബഹു. പ്രധാനമന്ത്രി പരാമര്‍ശിച്ചതായി കണ്ടു. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കട്ടെ. 2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയില്‍ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014 ല്‍ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയില്‍ നിന്നും 31.83 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ചാര്‍ജ്ജുകളും സെസ്സുകളും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം സര്‍ചാര്‍ജ്ജുകളും സെസ്സുകളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടേണ്ട നികുതികളുടെ ഗണത്തില്‍പ്പെടുന്നില്ല. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന നികുതിവിഹിതത്തില്‍പ്പെടാത്ത രീതിയിലാണ് കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതില്‍ കാലവിളംബം നടത്തുന്നതുവഴി കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഇത് കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമല്ല. 14 തവണ നികുതി വര്‍ദ്ധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോള്‍ നികുതി വര്‍ദ്ധനവ് ഒരിക്കല്‍പോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദര്‍ഭികമായി വിമര്‍ശിക്കുന്നത് ഖേദകരമാണ്. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇതെന്നുകൂടി വ്യക്തമാക്കുന്നു.

പല കാരണങ്ങളാല്‍ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങള്‍ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഫെഡറല്‍ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ. അതിനനുസൃതമായ നയങ്ങളിലൂടെ അടിക്കടിയുള്ള ഇന്ധന വര്‍ദ്ധന പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് രാജ്യതാത്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്തെ അകാരണമായി പഴിച്ച് ലഘൂകരിക്കാനാവുന്നതല്ല ഇന്ധന വിലവര്‍ധനയുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം.

Back to top button
error: