CrimeNEWS

പാലക്കാട് കണ്ടക്ടറില്ലാത്ത ബസിന് ‘സ്റ്റോപ്പ്’; സർവീസ് തടഞ്ഞ് മോട്ടർ വാഹന വകുപ്പ്

വടക്കഞ്ചേരി: കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ സർവീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സിഎൻജി ബസ് മോട്ടർ വാഹന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സർവീസ് നിർത്തി. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ്‌ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്‍കി.

വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് ആരംഭം കുറിച്ചത്. ബസിലെ ബോക്സില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. ചിലര്‍ നല്‍കിയ പരാതിയിലാണ് മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നട‌ത്തുന്നത്. ടിക്കറ്റ് നല്‍കി കണ്ടക്ടറെ വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതുപരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ട‌പ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയിരുന്നു.

Back to top button
error: