കേന്ദ്രം ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രധാനമന്ത്രി, കേരളം 6 വർഷമായി നികുതി കൂട്ടിയിട്ടില്ല; മോദിയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും കൂട്ടാത്ത നികുതി സംസ്ഥാന സർക്കാർ എങ്ങനെ കുറയ്ക്കാനാണെന്നും ധനമന്ത്രി ചോദിച്ചു.

കേരളം നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. വർധിപ്പിക്കാത്ത നികുതി കേരളം കുറയ്ക്കണമെന്ന് പറഞ്ഞാൽ അത് ശരിയല്ല. പ്രധാനമന്ത്രിയെ പോലെ ഒരാൾ ഇത്തരത്തിൽ രാഷ്ട്രീയം പറയാൻ പാടില്ലെന്നും ധനമന്ത്രി വിമർശിച്ചു.

2017-ൽ കേന്ദ്രം ഇന്ധന നികുതിയായി പിരിച്ചത് ഒമ്പത് രൂപയായിരുന്നു. എന്നാൽ ഇന്നത് 31 രൂപയോളമായി വർധിച്ചു.
സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതിയിലേക്ക് കേന്ദ്രം കടന്നുകയറുകയാണ്. സെസും സർചാർജും പിരിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. പ്രകൃതി ദുരന്തം, യുദ്ധം, അടിയന്തരാവസ്ഥ തുടങ്ങിയ പ്രത്യേക സാഹചര്യത്തിൽ മാത്രമേ നികുതിയായി സർചാർജ് പിരിക്കാൻ കേന്ദ്രത്തിന് അവകാശമുള്ളു. ആറ് മാസമോ ഒരുവർഷമോ മാത്രമേ ഇത്തരം സർചാർജും പിരിക്കാൻ പാടുള്ളുന്നുവെന്നാണ് നിയമം. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

‘കർണാടകയോ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനമോ നികുതി കുറയ്ക്കുന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള മറ്റുവരുമാന മാർഗങ്ങൾ ഉള്ളതുകൊണ്ടാണ്’ കെ.എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version