IndiaNEWS

‘താങ്കളുടെ മൗനം ഭീതിദം’: വിരമിച്ച 108 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത് മോദിക്ക്

ന്യൂഡൽഹി: രാജ്യത്തു നടക്കുന്ന വർഗീയ സംഘർഷങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഭീതിദമാണെന്നു വിരമിച്ച 108 സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുറന്ന കത്തിൽ പറഞ്ഞു. മൗനം വെടിയണമെന്നും വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ഡൽഹി ലെഫ്. ഗവർണർ നജീബ് ജങ്, പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, മുൻ ഇന്ത്യൻ സ്ഥാനപതി കെ.പി. ഫാബിയൻ, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, ഛത്തീസ്ഗഡ് മുൻ ചീഫ് സെക്രട്ടറി പി. ജോയ് ഉമ്മൻ, ബംഗാൾ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജി. ബാലചന്ദ്രൻ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

കത്തിൽനിന്ന്: ‘വെറുപ്പിന്റെ രാഷ്ട്രീയത്തിന് അവസാനം കുറിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല. ഭരണഘടനയാൽ സംരക്ഷിക്കപ്പെടേണ്ട സാമൂഹിക ബന്ധങ്ങളുടെ ഇഴകൾ വലിച്ചു കീറപ്പെടുന്നത് ചെറിയകാര്യമായി കാണരുത്. ഈ ഭീഷണിക്കു മുൻപിലെ താങ്കളുടെ നിശ്ശബ്ദത കാതടപ്പിക്കുന്നതാണ്.

‘സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന താങ്കളുടെ മുദ്രാവാക്യത്തോടു നീതിപുലർത്തണം. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിൽ പാർട്ടി പരിഗണനകൾക്ക് അതീതമായി വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ താങ്കൾ പ്രതികരിക്കണം. താങ്കളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അതു ബോധ്യപ്പെടുത്തണം.

ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ അസം, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ഭയപ്പെടുത്തുന്നതാണ്. ബിജെപി ഭരിക്കുന്നിടങ്ങളിൽ വെറുപ്പിന്റെ രാഷ്ട്രീയം ഭരണത്തിന്റെ സർവമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. നിയമപാലനം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി നിർത്താനുളള ഉപകരണമാകുന്നു. ഭരണകൂടത്തിന്റെ മുഷ്ക് കാണിക്കാനുള്ള ഉപകരണമായി ബുൾഡോസർ മാറി. ഉന്നത നീതിപീഠത്തിന്റെ ഉത്തരവു പോലും ഭരണകൂടം അവഗണിക്കുന്നുവെന്ന് ജഹാംഗിർപുരി സംഭവം വ്യക്തമാക്കി.’

Back to top button
error: