കറാച്ചിയില്‍ കഴിഞ്ഞ ദിവസം ചാവേർബോംബാക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു

കറാച്ചിയില്‍ കഴിഞ്ഞ ദിവസം ചാവേർബോംബാക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള ഷാരി ബലോച് എന്ന മുപ്പതുവയസുകാരിയാണ് സ്വയം പൊട്ടിത്തെറിച്ചത്.

ഉന്നത വിദ്യാഭ്യാസം നേടിയ (എംഎസ്സി സുവോളജി), അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവർ ചെയ്ത കാര്യത്തിൽ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭർത്താവ് ഹബിതാൻ ബഷിർ ബലോച് പ്രതികരിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് ഷാരി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) മജീദ് ബ്രിഗേഡിന്‍റെ പ്രത്യേക ചാവേര്‍ സ്‌ക്വാഡില്‍ ചേര്‍ന്നത്. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു.

ചാവേറാക്രമണത്തില്‍ മൂന്ന് ചൈനീസ് പൗരന്‍മാരുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. കറാച്ചി സര്‍വകലാശാല കാമ്പസിനുള്ളിലാണ് സംഭവമുണ്ടായത്. രണ്ടു ചൈനീസ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version