KeralaNEWS

ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയ സംഭവം; മൂന്നംഗ സംഘമെന്ന് കസ്റ്റംസ്

ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയ സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് കസ്റ്റംസ് അറിയിച്ചു.  സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് കള്ളക്കടത്തിന് പിന്നിലുള്ളത്.  മൂവരും ചേർന്നാണ് സ്വർണക്കളളക്കടത്തിന് പണം മുടക്കിയതെന്നും കസ്റ്റംസ് പറഞ്ഞു.

ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാർഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ്  രണ്ട് കിലോ 232 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തിയെന്നാണ് കേസ്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇവരുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കയറി

തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉയോഗിച്ചു. പ്രതികൾ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയിക്കുന്നു. ബംഗളൂർ, മുംബൈ വിമാനത്താവളങ്ങളിലേക്കും അമ്പേഷണം വ്യാപിപ്പിച്ചു.

സിനിമാ നിർമ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകനും ഇയാളും ചേർന്ന് സ്വർണം കടത്തിയെന്ന സൂചനയെ തുടർന്നായിരുന്നു റെയ്ഡ്. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.

Back to top button
error: