KeralaNEWS

ചോദ്യപ്പേപ്പർ ‘ഫോട്ടോകോപ്പി’, കേരള, കണ്ണൂർ വിസിമാരോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: ബിരുദപരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ കേരള, കണ്ണൂർ വിസിമാരോട് ഗവ‍ർണ്ണർ വിശദീകരണം തേടി. മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച നടപടിയിലാണ് ഗവർണ്ണറുടെ ഇടപെടൽ. അതിനിടെ ചോദ്യപേപ്പറിന് പകരം കേരള സർവ്വകലാശാലയിൽ  ഉത്തരസൂചിക വിതരണം ചെയ്ത പരീക്ഷ റദ്ദാക്കി. ഫെബ്രൂവരിയിൽ നടന്ന ബിഎസ് സി  നാലാം സെമസ്റ്റർ ഇലക്ട്രോണിക്സ് പരീക്ഷയാണ് റദ്ദാക്കിയത്. പകരം പരീക്ഷ മെയ് മൂന്നിന് നടത്തും.

‘സിഗ്നൽസ് ആന്‍റ് സിസ്റ്റംസ്’ പരീക്ഷ എഴുതിയവർക്കാണ് സർവകലാശാലയുടെ ഈ ‘അപ്രതീക്ഷിതസഹായം’ ലഭിച്ചത്. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചിക കൂടി അയച്ചുകൊടുക്കും. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ച് അയച്ചത്.

മൂല്യനിർണയം നടത്തുന്ന അധ്യാപകൻ ചോദ്യപ്പേപ്പർ കൂടി അയച്ചുതരാൻ പരീക്ഷാ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച വ്യക്തമായതും ശ്രദ്ധയിൽപ്പെട്ടതും. എന്നാൽ ഇതേവരെ സർവകലാശാല വീഴ്ചയിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പർ ഈ വർഷവും ആവർത്തിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയും പുറത്തുവന്നത്.

Back to top button
error: