NEWSWorld

നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ. നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി. യുകെയിൽ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് റജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

എഴുപത്തിരണ്ടുകാരനായ നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല.

നവാസിന് നൽകിയ പുതുക്കിയ പാസ്പോർട്ട് ‘ഓർഡിനറി’ ആണെങ്കിലും ‘അർജന്‍റ്’ വിഭാഗത്തിലുള്ളതാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് അധ്യക്ഷനാണ് നവാസ് ഷെരീഫ്. കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയെ നവാസ് ഷെരീഫ് ലണ്ടനിൽ വച്ച് കണ്ടിരുന്നു. പാകിസ്ഥാനിലെ ‘രാഷ്ട്രീയസാഹചര്യം വിലയിരുത്താനായി’ നടന്ന കൂടിക്കാഴ്ചയിൽ ഇരുപാർട്ടികളും പാകിസ്ഥാന്‍റെ ‘ഉന്നമനത്തിനായി’ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയാവുകയും ചെയ്തു.

പിപിപിയും പിഎംഎൽ (എൻ)-മാണ് പാകിസ്ഥാനിലെ പ്രധാനരണ്ട് രാഷ്ട്രീയപാർട്ടികൾ. സൈന്യം ഭരണം പിടിക്കാതിരുന്ന സമയത്തെല്ലാം ഈ രണ്ട് പാർട്ടികളാണ് മാറി മാറി അധികാരത്തിലുണ്ടായിരുന്നത്. ഇവരെ അട്ടിമറിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്‍റെ തെഹ്‍രീക് – ഇ- ഇൻസാഫ് പാർട്ടി പാകിസ്ഥാനിൽ അധികാരം പിടിച്ചത്. പാകിസ്ഥാന്‍റെ 75 വർഷകാലത്തെ ചരിത്രത്തിൽ പകുതിയോളം കാലം രാജ്യം ഭരിച്ചത് സൈന്യമാണ്.

Back to top button
error: