IndiaNEWS

ലഖീംപൂർഖേരി കൂട്ടക്കൊല; ആശിഷ് മിശ്ര കീഴടങ്ങി, നടപടി സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ

ഡല്‍ഹി: ലഖീംപൂർഖേരി കൂട്ടക്കൊല കേസിൽ മന്ത്രിപുത്രൻ ആശിഷ് മിശ്ര കീഴടങ്ങി. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് കീഴടങ്ങൽ. ലഖീംപൂർ ഖേരി ജില്ലാ ജയിലിലാണ് കീഴടങ്ങിയത്. ഒരാഴ്ചക്കകം കീഴടങ്ങണം സുപ്രീംകോടതി ആശിഷ് മിശ്രയോട് നിർദ്ദേശിച്ചിരുന്നു.

ഈ മാസം 18ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിയിൽ തെറ്റുണ്ട്. അപ്രധാനമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് ഇതെന്നും സുപ്രീംകോടതി വിലയിരുത്തി.

പൊലീസ് ഹാജരാക്കിയ എഫ്ഐആറിനെ പരമമായ സത്യമായി കണ്ട് മാത്രമാണ് ഹൈക്കോടതി നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യപക്ഷേയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുപി സർക്കാരിനെതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നില്ല. ജാമ്യത്തിനെതിരെ അപ്പീൽ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടുതവണ യുപി സർക്കാരിന് കത്തെഴുതിയിരുന്നു. അപ്പീൽ നൽകാത്തതിനാണ് ഉത്തര്‍പ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിൽ നിന്ന് വിമർശനം കേട്ടത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്‍റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Back to top button
error: