BusinessTRENDING

2050ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി

2050ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 28-30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. മുംബൈയില്‍ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമായും ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഉയരുന്നതും മികച്ച സുസ്ഥിര കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

10 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ഉല്‍പ്പാദനം, കോംപണന്റ് നിര്‍മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന അദാനി, പുനരുപയോഗ ഊര്‍ജരംഗത്തെ ആവശ്യകത ഇന്ത്യയെ മാറ്റുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഊര്‍ജ സ്രോതസ്സാണ് സൗരോര്‍ജ്ജം. കഴിഞ്ഞ ദശകത്തില്‍ സോളാര്‍ പാനലുകളുടെ വില 90 ശതമാനം കുറഞ്ഞു. അടുത്ത ദശകത്തില്‍ അതേ അളവിലുള്ള വിലയിടിവ് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അതിന്റെ പുനരുപയോഗ വൈദ്യുതി ഉല്‍പ്പാദന ശേഷി മൂന്നിരട്ടിയാക്കി മൊത്തം പോര്‍ട്ട്‌ഫോളിയോയുടെ 21 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. 2030-ഓടെ, എല്ലാ ഡാറ്റാ സെന്ററുകളും പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും 2025-ഓടെ തങ്ങളുടെ തുറമുഖങ്ങളെ നെറ്റ് കാര്‍ബണ്‍ സീറോ ആക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ബദല്‍ ഊര്‍ജ്ജ സാങ്കേതിക വിദ്യകളിലെ വിപ്ലവം ഇന്ത്യക്ക് ഒരു ഹരിത ഊര്‍ജ്ജ കയറ്റുമതിക്കാരനാകാനുള്ള സാധ്യത തുറക്കുമെന്നാണ് അദാനിയുടെ അഭിപ്രായം.

Back to top button
error: