BusinessTRENDING

ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ നാലാംപാദ ലാഭം 22 % ഉയര്‍ന്ന് 365 കോടി രൂപയായി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കണക്ടിവിറ്റി കമ്പനിയായ ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ നാലാം പാദത്തിലെ കണ്‍സോളിഡേറ്റഡ് ലാഭം 22 ശതമാനം ഉയര്‍ന്ന് 365 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 299.92 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലെ വളര്‍ച്ചയിലും സ്ഥിരതയുള്ള പ്രകടനമാണ് കമ്പനി കാഴ്ച്ചവെച്ചത്. കമ്പനിയുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നതിലും അവസരങ്ങള്‍ നേടിയെടുക്കുന്നതിലുമാണ് കമ്പനിയുടെ ശ്രദ്ധ. ടീമിനെക്കുറിച്ചും ടീമിന്റെ വളര്‍ച്ചയെക്കുറിച്ചും അഭിമാനമുണ്ടെന്നും ടാറ്റ കമ്യൂണിക്കേഷന്‍സ് എംഡിയും സിഇഒയുമായ എ എസ് ലക്ഷമിനാരായണന്‍ പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 4.65 ശതമാനം ഉയര്‍ന്ന് 4,263 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,073.25 കോടി രൂപയായിരുന്നു വരുമാനം. ലാഭത്തിലും വരുമാനത്തിലും ക്രമാനുഗതമായ ഉയര്‍ച്ചയോടെ, 2022 സാമ്പത്തിക വര്‍ഷം ആരോഗ്യകരമായ വര്‍ഷമാണ്. ശക്തമായ പണമൊഴുക്ക് ആഗോള വിപണികളില്‍ മത്സരിക്കാനും ശക്തമായ നിലപാടെടുക്കാനും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. നൂതനവും വ്യത്യസ്തവുമായ ഓഫറുകള്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കബീര്‍ അഹമ്മദ് ഷാക്കിര്‍ പറഞ്ഞു.

Back to top button
error: