KeralaNEWS

സിൽവർ ലൈനിൽ ചർച്ചക്ക് സർക്കാർ; എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചർച്ച; സമരക്കാർക്ക് ക്ഷണമില്ല

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു സംവാദം നടത്താനാണ് തീരുമാനം. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയിലെ സംവാദം.

ജനകീയ എതിർപ്പ് വകമാറ്റി വിദഗ്ധരെ തള്ളി എകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറിന് മനംമാറ്റം ഉണ്ടായിരിക്കുകയാണ്. പ്രതിഷേധച്ചൂട് കനക്കുന്നത് കണ്ടാണ് വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അൻുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിക്കുന്നു. അലോക് വർമ്മക്കൊപ്പം ക്ഷണം ലഭിച്ച ആ‌ർവിജി മേനോൻെറയും ജോസഫ് സി മാത്യൂവിൻെറയും വാദങ്ങൾ ഏറ്റെടുത്താണ് പരിഷത്ത് അടക്കം ഇടതാഭിമുഖ്യമുള്ളവരും പദ്ധതിയിൽ സംശയം ഉന്നയിക്കുന്നത്. എതിർക്കുന്ന മൂന്ന് പേർക്കൊപ്പം അനുകൂലിക്കുന്ന മൂന്ന് പേരെയും ഇരുത്തിയാണ് സംവാദം.

മുൻ റെയിൽവെ എഞ്ചിനീയർ സുബോധ് ജെയിൻ, ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് രഘുചന്ദ്രൻനായർ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീർ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങൾക്ക് തത്സമയം കാണിക്കാം.. ചർച്ചയിൽ പങ്കെടുക്കുമെന്ന് അലോക് വർമ്മയും ആർവിജി മേനോനും ജോസഫ് സി മാത്യുവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പ്രതിഷേം തുടരുന്ന സമരസമിതി നേതാക്കളെ വിളിക്കാത്തതിൽ അവർക്ക് അതൃപ്തിയുണ്ട്. വിദഗ്ധരെയും ഭൂമി നഷ്ടപ്പെടുന്നവരെയും ഒഴിവാക്കി നേരത്തെ മുഖ്യമന്ത്രി സിൽവർലൈനിൽ പൗരപ്രമുഖരുമായി മാത്രം ചർച്ച നടത്തിയിൽതിൽ വലിയ എതിർപ്പ് ഉയർന്നിരുന്നു.

Back to top button
error: