NEWS

ഇ മോസസ് എന്ന മലയാളി യഹൂദനെ ആരും അറിയാൻ വഴിയില്ല ;ഒരു പക്ഷെ ഒരു പെണ്ണിന്റെ കഥ എന്ന സിനിമ കണ്ടവർ പോലും!

രു പെണ്ണിന്റെ കഥ എന്ന സിനിമ കണ്ടവരോ ആ  സിനിമയെ കുറിച്ച് കേട്ടവരോ ഇന്നത്തെ തലമുറയിൽ കുറവാണെങ്കിലും ആ സിനിമയിലെ ഒരു പാട്ടിനെ പറ്റി പറഞ്ഞാൽ ചിലപ്പോൾ ഓർത്തെന്നു വരും. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ… എന്നാണ് ആ പാട്ട്.പി സുശീലാമ്മ പാടി അനശ്വരമാക്കിയ ഈ ഗാനം വയലാറിന്റെയും ദേവരാജൻ മാസ്റ്ററുടെയും കൂട്ടുകെട്ടിൽ ഉടലെടുത്തതാണ്.
  ശ്രീമാൻ മോസസിനെ വളരെ വിരളം ആളുകൾക്ക് മാത്രമേ ഓർമ്മയുണ്ടാകുകയുള്ളൂ. പ്രസിദ്ധ മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ മകനും പ്രശസ്ത പത്രപ്രവർത്തകനുമായ സാജു ചേലങ്ങാട്ടിന്റെ കേരള യഹൂദരെ കുറിച്ചുള്ള ഒരു പോസ്റ്റിൽ ഈ പേര് കാണാനാകും.അതും  ‘കലാസാംസ്കാരിക മേഖലകളിലും അവരുടെ കയ്യൊപ്പ്’ എന്ന ഭാഗത്ത് രണ്ടേ രണ്ടുവരി !
കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ പഴയ മലയാളി യഹൂദർക്കിടയിൽ ഇന്നും അവർ ഓർക്കുന്ന ഒരു പേരാണ് മോസസിന്റേത്.അതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമയായ ഒരു പെണ്ണിന്റെ കഥയും അതിലെ പൂന്തേനരുവി എന്ന പാട്ടും. എന്നാൽ മലയാളികളായ നമ്മുക്ക് എത്രകണ്ട് അദ്ദേഹത്തെ കുറിച്ച് അറിയാം !!
യഹൂദ ഗ്രാമമായ പറവൂരിൽ വളരെ പേരുകേട്ട തട്ടുങ്കൽ കുടുംബത്തിൽ  ഏലിയാഹുവിന്റേയും റിബേക്കയുടെയും മകനായാണ് മോസ്സസ് ജനിച്ചത്.അമ്മിണി എന്ന റീന ആയിരുന്നു സഹോദരി.രണ്ടായിരം ഏക്കറോളം ഭൂസ്വത്തിനുടമയായ കുടുംബം പക്ഷെ ആ സ്വത്തെല്ലാം തന്നെ ഇദ്ദേഹത്തിന്റെ ജനനത്തിനു മുമ്പേ തന്നെ കുടുംബത്തിന് നഷ്ടമായി.മോസസിന് പത്തു വയസുള്ളപ്പോൾ അമ്മ റെബേക്ക മരണപെട്ടു.പിന്നീട് അദ്ദേഹത്തിന് പതിനാറു വയസ്സായപ്പോൾ ഹൃദയാഘാതം മൂലം പിതാവ് എലിയാഹുവും മരണപ്പെട്ടു.
 പിന്നീട് സുഹത്തായ മേനാഹേമിന്റെ പിതാവിന്റെ വീട്ടിൽ ആയിരുന്നു മോസസ് പഠനകാലം ചിലവഴിച്ചത്. വെല്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ ഹാർബർ ടെർമിനലിനടുത്തായിരുന്നു അത്. നല്ല വിധം പഠിച്ചിരുന്ന മോസസ് പിന്നീട് ഗവണ്മെന്റ് ലോ കോളേജ്, എറണാകുളത്ത്  ഉപരിപഠനം തുടങ്ങി. കൂടെ കോൺഗ്രസ്സിൽ പാർട്ടിയിൽ  ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയവും. കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടിയും വയലാർ രവിയും അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു.റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയിരുന്ന മേനാഹേമിന്റെ പിതാവ് സോളമൻ പള്ളിവാതിക്കൽ  ഒരിക്കൽ മോസസിനെയും കൂട്ടി ബോംബെയിലേക്ക് ഒരു യാത്ര തിരിച്ചു യാത്ര മധ്യേ മോസസിനെ കാണാതെയായി.അത് സോളമന് വലിയ ഒരു ഷോക്ക് ആയിരുന്നു.പിന്നീട് മോസസിനെ കണ്ടെത്തി അദ്ദേഹം നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
ഇതിനിടയിൽ മോസസിന്റെ സഹോദരി റീന ഇസ്രായേലിലേക്ക് കുടിയേറി.മോസസിനും പോകണം എന്നുണ്ടായിരുന്നു എന്നാൽ അവിടേക്കു പോകാതെ സിനിമ എന്ന മായാലോകത്തേക്കായിരുന്നു മോസസ് ചേക്കേറിയത്.ബോംബെയിൽ വച്ചുള്ള ‘മുങ്ങലും’ ഇതിന്റെ ഭാഗമായിരുന്നു.വിവരം അറിഞ്ഞാൽ സോളമൻ സമ്മതിക്കുകയില്ല എന്ന ഭയമായിരുന്നു അതിന് പിന്നിൽ.പിന്നീട് മദ്രാസിലായിരുന്നു മോസസിന്റെ ജീവിതം.പ്രശസ്ത നടൻ മധുവിന്റെ മാനേജർ ആയി കുറച്ച കാലം കഴിഞ്ഞു.അതിനിടയിൽ അവിടെ നിന്നുതന്നെ കല്യാണവും കഴിച്ചു. അതിൽ ഒരു മകൻ (ഫിനാൻസ് ഫീൽഡിൽ ഉയർന്ന ഒരു പൊസിഷനിൽ ജോലി ചെയുന്നു ).
  തന്റെ യഹൂദ പൈതൃകത്തെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാൻ മോസസിന് അത്ര താല്പര്യം ഇല്ലായിരുന്നു മോസസ് എന്ന പേര് മാത്രമാണ് അതിനൊരു തെളിവായി ശേഷിച്ചത്.ഒരിക്കൽ മാത്രം ബന്ധുക്കളെ കാണാനായി അദ്ദേഹം ഇസ്രായേലും സന്ദർശിച്ചിരുന്നു.ഒടുവിൽ 2004 ൽ  ഉണ്ടായ സുനാമി ദുരന്തത്തിലാണ് അദ്ദേഹം മരണമടഞ്ഞത്.
ഏതാണ്ട് ഒൻപതോളം സിനിമകൾക്ക് കഥാ, തിരക്കഥ, സംഭാഷണം നിർവഹിച്ച അദ്ദേഹം വേണ്ട അംഗീകാരം ലഭിക്കാതെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.ആ സിനിമകൾ ഇവയാണ്:
ഒരു പെണ്ണിന്റെ കഥ (1971) – കഥ
കക്ക (1982) – കഥ, സംഭാഷണം
ആഴി (1985) – കഥ, തിരക്കഥ, സംഭാഷണം
പടയണി (1986) – സംഭാഷണം
ഞാൻ കാതോർത്തിരിക്കും (1986)
-തിരക്കഥ, സംഭാഷണം
അഗ്നി മുഹൂർത്തം (1987) – തിരക്കഥ, സംഭാഷണം
വിടപറയാൻ മാത്രം (1988) – തിരക്കഥ, സംഭാഷണം
പ്രഭാതം ചുവന്ന തെരുവിൽ (1989) – കഥ, തിരക്കഥ, സംഭാഷണം
നാളെ എന്നുണ്ടെങ്കിൽ (1990) – കഥ, സംഭാഷണം

Back to top button
error: