IndiaNEWS

ജഹാംഗീർപുരി:  ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മുനിസിപ്പൽ നീക്കമെന്ന് കാട്ടിയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്.

അതേസമയം, സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ നടന്ന ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി ലഭിച്ചു.
ഇതിനിടെയിൽ ഏകപക്ഷീയമായ നടപടിയാണ് മുനിസിപ്പിൽ കോർപ്പറേഷൻറെ എന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.

കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാർ. അന്തിമ വിധി മറിച്ചായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ മുനിസപ്പൽ കോർപ്പറേഷൻറെ ഭാഗത്ത് നിന്നും ഉണ്ടാകും. സംഘർഷ സാഹചര്യം ഇല്ലെന്നും കോടതി ഉത്തരവുള്ളതിനാൽ കൂടുതൽ ഒഴിപ്പക്കൽ തത്കാലം ഉണ്ടാകില്ലെന്നും ദില്ലി പൊലീസ് സ്പെഷ്യൽ കമ്മീഷണർ  പറഞ്ഞു.

വലിയ വാടക കൊടുത്ത് ജീവിക്കാൻ നിവൃത്തിയില്ലാത്തവരാണ് ജഹാംഗീർപുരിയിലെ കോളനികളിലെ താമസക്കാ‍ർ. അടച്ചുറപ്പില്ലാത്ത, ബലമില്ലാത്ത വീടുകളും നീക്കിയാൽ അനാഥമാക്കപ്പെടുന്നത് ഒരു കൂട്ടം പാവങ്ങളാണ്.

നിയമ പ്രകാരമുള്ള നോട്ടീസ് പോലും നൽകാതെയാണ് കൈയ്യേറ്റം ഒഴിപ്പിക്കലുണ്ടായതെന്ന് ഇവിടെയുള്ളവർ പറയുന്നത്. രണ്ട് മണിക്ക് നടത്തേണ്ട ഒഴിപ്പിക്കൽ കോടതി പരിഗണിച്ചേക്കുമെന്ന് കണ്ട് ഒൻപത് മണിക്ക് നടത്തിയെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവേ സുപ്രീംകോടതിയിലും ആരോപിച്ചു.

Back to top button
error: