KeralaNEWS

ഇ.പി.ജയരാജൻ എൽ.ഡി.എഫ് കൺവീനർ, പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, പുത്തലത്ത് ദിനേശൻ ദേശാഭിമാനി ചീഫ് എഡിറ്റർ, ഡോ.തോമസ് ഐസക്ക് ചിന്ത പത്രാധിപർ

പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ സംഘടനാ ചുമതലകൾ വിഭജിച്ച് സി.പി.എം. ഇടതുമുന്നണി കൺവീനറായി ഇ.പി.ജയരാജനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെയും നിയമിച്ചു. ദേശാഭിമാനി ചീഫ് എഡിറ്ററായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയും ചിന്ത പത്രാധിപരായി ഡോ.തോമസ് ഐസക്കിനെയും നിയമിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കൈരളി ടി.വിയുടെ ചുമതല. പ്രായപരിധിയെ തുടർന്ന് പോളിറ്റ്ബ്യൂറോയിൽ നിന്നും ഒഴിവായി കേരള രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ എസ്.രാമചന്ദ്രൻപിള്ളക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല നൽകി. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു.

ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി 11 വർഷം സംഘടനയ്ക്കു പുറത്തുനിന്ന ശേഷമാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

ഇതിനിടെ പി. ശശിയെ നിയമനത്തെയും ചുമതലാ വിഭജനത്തെ ചൊല്ലി സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയര്‍ന്നു. ശശിയുടെ നിയമനത്തെ നഖശിഖാന്തം എതിര്‍ത്ത പി.ജയരാജൻ ശശിയ്‌ക്കെതിരേ എന്തിന്റെ പേരിലാണോ നേരത്തെ നടപടി എടുത്തത് അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

Back to top button
error: