ബസിന്റെ ജനല്‍ച്ചില്ല് നീക്കാന്‍ സഹായം തേടിയ യുവതിയെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് പരാതി. വിജിലന്‍സ് ഓഫീസര്‍ക്ക് ഇ-മെയിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും െവെകിട്ട് അഞ്ചിന് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന സൂപ്പര്‍ ഡീലക്‌സ് ബസിലെ ഡ്രൈവര്‍മാരില്‍ ഒരാളായ ചിറ്റാര്‍ സ്വദേശിക്കെതിരേയാണ് കോട്ടയം സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 16 ന് പുലര്‍ച്ചെ രണ്ടിന് കൃഷ്ണഗിരിയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പറയുന്നു. ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ യുവതി പി.ജിക്ക് പഠിക്കുകയാണ്. വിഷുവിനോട് അനുബന്ധിച്ച് കോട്ടയത്തെ വീട്ടില്‍ വന്ന ശേഷം 15 ന് െവെകിട്ടുള്ള ബംഗളൂരു ബസില്‍ മടങ്ങുമ്പോഴാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു. ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ ഡ്രൈവറുടെ സഹായം തേടുകയായിരുന്നു.

ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഡ്രൈവര്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. അപ്രതീക്ഷിതമായ ആക്രമണമായതിനാല്‍ ഭയന്നുപോയ തനിക്ക് ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരാണുണ്ടാവുക. രണ്ടാമത്തെയാള്‍ ബസ് ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് യുവതി വിശ്രമത്തിലായിരുന്ന ഡ്രൈവറുടെ സഹായം തേടിയത്.

കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡി.ടി.ഓയ്ക്കും വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജിനും െകെമാറിയിട്ടുണ്ട്. പരാതി ലഭിച്ചുവെന്നും ഇതേപ്പറ്റി അന്വേഷണം നടന്നു വരികയാണെന്നും ഡി.ടി.ഓ പറഞ്ഞു. കുറ്റം നിഷേധിച്ച ഡ്രൈവര്‍ താന്‍ നിരപരാധിയാണെന്നാണ് അവകാശപ്പെടുന്നത്. ഈ ഡ്രൈവര്‍ മുന്‍പ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തി.

കെ.എസ്.ആര്‍.ടി.സി.യിലെയും പോലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് എതിരേ ഇയാള്‍ പരാതിയുമായി പല തവണ രംഗത്തു വന്നിട്ടുണ്ട്. ഇതു കാരണം ഇയാളെ മേലുദ്യോഗസ്ഥര്‍ക്ക് ഭയമാണെന്നും പറയുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നടപടിയുണ്ടാകാത്ത പക്ഷം യുവതി പരാതി പോലീസിന് െകെമാറിയേക്കും.എന്നാല്‍, കുറ്റകൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാല്‍ അവിടുത്തെ പോലീസില്‍ വേണം പരാതി നല്‍കാനെന്നാണ് സൂചന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version