KeralaNEWS

വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രദേശവാസികളെ അറിയിക്കുന്ന സംവിധാനം വിപുലമാക്കുന്നു; കാട്ടാന മാത്രമല്ല, പുലിയും കടുവയും ഇറങ്ങിയാലും ഇനി അറിയും

തൊടുപുഴ: വന്യമൃഗങ്ങളുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ മുന്നറിയിപ്പ് സംവിധാനം വിപുലപ്പെടുത്തി വനംവകുപ്പ്. കാട്ടാന ഇറങ്ങിയ സ്ഥലങ്ങളേക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ഇതുവരെ സംവിധാനത്തിലൂടെ നല്‍കിയിരുന്നത്. എന്നാല്‍, പുലി, കടുവ എന്നിവ ഇറങ്ങുന്ന അവസരങ്ങളിലും സന്ദേശം നല്‍കിത്തുടങ്ങി.
മേഖലയില്‍ ഇവയുടെ സാന്നിധ്യവും ശല്യവും കൂടിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് സംവിധാനം വിപുലപ്പെടുത്തിയത്. മുന്നറിയിപ്പ് സംവിധാനം വിജയമാണെന്ന് വനംവകുപ്പ് അറിയിച്ചു. വാട്‌സ് ആപ്പ്, ടെക്‌സ്റ്റ് മെസേജ് എന്നിവ വഴിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി രണ്ട് വര്‍ഷം മുന്‍പാണ് മുന്നറിയിപ്പ് സംവിധാനം ആരംഭിച്ചത്.

മൂന്നാര്‍ െവെല്‍ഡ് െലെഫ് ഡിവിഷനാണ് പദ്ധതി തയാറാക്കിയത്. വന്യമൃഗങ്ങള്‍ ഇറങ്ങിയതായി അറിവു ലഭിച്ചാല്‍ ഓരോ വന മേഖലയിലുമുള്ള വാച്ചര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ആര്‍.ആര്‍.ടിയുടെയുടേയും ജനജാഗ്രതാ സമിതിയുടേയും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ സന്ദേശം െകെമാറും.
ടെക്‌സ്റ്റ് മെസേജും നല്‍കും. ഇതിലൂടെ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെടാതെ ജനങ്ങള്‍ക്ക് ശ്രദ്ധിക്കാനാകും. പദ്ധതി ആരംഭിച്ചതിനു ശേഷം തോട്ടം തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കു നേരെയുണ്ടായിരുന്ന വന്യമൃഗ ഭീഷണി ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിഞ്ഞെന്ന് മൂന്നാര്‍ റെയിഞ്ച് ഓഫീസര്‍ എസ്.ഹരീന്ദ്രകുമാര്‍ പറഞ്ഞു.

മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായി തുടരുകയാണ്. ടൗണില്‍ തന്നെ പലവട്ടം കാട്ടാനയിറങ്ങി നാശനഷ്ടമുണ്ടാക്കുന്നുണ്ട്. തോട്ടം മേഖലകളില്‍ കടുവയും പുലിയും ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാണ്. അതിനാല്‍ മുന്നറിയിപ്പ് സംവിധാനത്തിനൊപ്പം കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Back to top button
error: