NEWS

കുങ്കുമപ്പൂ പാലിലിട്ട് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം കിട്ടുമോ?

 

ർഭിണി കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം കിട്ടുമോ? പലരും ഉന്നയിക്കുന്ന ചോദ്യമാണിത്. എന്താണ് സത്യം. തുടർന്ന് വായിക്കാം…

ഒരു സ്ത്രീ ഗർഭിണിയായാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? അവളുടെ ഭക്ഷണം, വ്യായാമ രീതികൾ, ഉറക്കം എന്ന് തുടങ്ങി എല്ലാ കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ തന്നെ ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഭംഗിയും നിറവുമൊക്കെ കാര്യമായ ഒരു വിഷയം തന്നെയാണ് പലർക്കും.

 

ഒരു ഗർഭിണി വീട്ടിലുണ്ടെങ്കിൽ അമ്മയും മുത്തശ്ശിയുമൊക്കെ കുങ്കുമപ്പൂ അന്വേഷിച്ചിറങ്ങും. എന്തിനാണത്? ഗർഭിണിയായ സ്ത്രീ കുങ്കുമപ്പൂ (Saffron/Kesar) കഴിച്ചാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്ല നിറം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. നല്ല വെളുത്ത നിറമുള്ള കുഞ്ഞിനെ ലഭിക്കണമെങ്കിൽ ഗർഭിണി പാലിൽ കുങ്കുമപ്പൂ ചേർത്ത് കഴിക്കണമെന്നാണ് പലരും പറയാറ്. ഗർഭിണിയുടെ ഉദരത്തിലുള്ള കുഞ്ഞ് ഭൂമിയിലേയ്ക്ക് എത്തുന്ന സമയത്ത് തന്നെ നല്ല വെളുത്ത നിറത്തോടു കൂടിയാകണം എന്ന ചിന്താഗതി മാത്രമാണ് ഗർഭിണിക്കുള്ള കുങ്കുമപ്പൂ തേടി ഇറങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്. ശരിക്കും ഗർഭിണി കുങ്കുമപ്പൂവ് കഴിച്ചാൽ ജനിക്കുന്ന കുഞ്ഞിന് നല്ല നിറം ഉണ്ടാകുമോ? ഇതിന്റെ പിന്നിലെ വാസ്തവം എന്താണ്..?

 

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മാസം തോറുമുള്ള ചെക്കപ്പിന് ഡോക്ടറുടെ അടുത്തെത്തുമ്പോൾ ഗർഭിണിയുടെ ആരോഗ്യത്തിനുതകുന്ന മരുന്നുകൾ അല്ലാതെ ഒരു ഡോക്ടറും കുങ്കുമപ്പൂ കഴിക്കാൻ നിർദ്ദേശിക്കാറില്ല. കുങ്കുമപ്പൂ കഴിച്ചാൽ കുഞ്ഞിന് നിറം വെക്കുമോ എന്ന് ആരും ഡോക്ടറോട് ചോദിക്കാറുമില്ല. ചുരുക്കി പറഞ്ഞാൽ ഗർഭിണി കഴിക്കുന്ന കുങ്കുമപ്പൂവിലൂടെ ജനിച്ച് വീഴുന്ന കുഞ്ഞിന്റെ നിറം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 

*ഗർഭിണി കുങ്കുമപ്പൂ കഴിച്ചാൽ കുഞ്ഞിന് നിറം ലഭിക്കുമോ❓*

കുങ്കുമപ്പൂ പാലിൽ ചേർത്ത് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം ലഭിക്കുമെന്ന ധാരണ ഒട്ടും ശരിയല്ല.ഒരു കുട്ടിയുടെ നിറം നിശ്ചയിക്കപ്പെടുന്നത് മാതാപിതാക്കളിലൂടെ ലഭിക്കുന്ന ജീനുകളുടെ അടിസ്ഥാനത്തിലാണ്. മാതാപിതാക്കൾ നിറം കുറഞ്ഞവരാണെങ്കിലും കുടുംബത്തിൽ മറ്റാർക്കെങ്കിലും നല്ല നിറമുണ്ടെങ്കിലും കുഞ്ഞിന് നല്ല നിറം ലഭിക്കാം.എന്നാൽ മാതാപിതാക്കൾക്ക് നല്ല നിറം ഉണ്ടാകുകയും കുഞ്ഞിന് നിറം കുറഞ്ഞിരിക്കുകയും ചെയ്യുന്നത് ഒരുപക്ഷെ മുത്തശ്ശിയോ മുത്തശ്ശനോ നിറം കുറഞ്ഞവർ ആയതുകൊണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ കുഞ്ഞിന്റെ നിറം നിശ്ചയിക്കപ്പെടുന്നത് അച്ഛന്റെയോ അമ്മയുടേയോ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ ജീനുകളെ ആശ്രയിച്ചിരിക്കും. കുഞ്ഞിന്റെ നിറത്തിനു കാരണം ചില ജനിതക ഘടകങ്ങളാണെന്ന് സാരം.

 

ഗർഭിണി കുങ്കുമപ്പൂ കഴിക്കുന്നത് വഴി കുഞ്ഞിന് നിറം വർദ്ധിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെങ്കിലും കുങ്കുമപ്പൂ കൊണ്ട് മറ്റ് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന തയാമിന്റെയും റിബോഫ്ളാവിന്റെയും സാന്നിധ്യമാണ് ഇതിന്റെ ഔഷധമൂല്യം വർധിപ്പിക്കുന്നത്. കുഞ്ഞിന് നിറം വർദ്ധിപ്പിക്കുമെന്നതിനേക്കാൾ ഉപരി ഇത്തരം ആരോഗ്യ ഗുണങ്ങൾ മുന്നിൽ കണ്ടാണ് പല ഗർഭിണികളും ഈ കാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത്.

കുങ്കുമപ്പൂ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

*⛔ ശ്രദ്ധിക്കുക:* ശരീരത്തിലെ ചൂട് ഉയർത്തുമെന്നതിനാൽ കുങ്കുമപ്പൂവിന്റെ അളവ് അധികമാകുന്നത് ഗർഭിണികൾക്ക് ദോഷകരമാണ്. മാത്രമല്ല, കൂടിയ അനുപാതത്തിൽ കുങ്കുമപ്പൂ ശരീരത്തിൽ എത്തുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മറ്റ് പല ശാരീരിക അവസ്ഥതകൾക്കും കാരണമാകും.

 

*ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ*

ഗർഭിണികളിൽ പൊതുവെ ദഹനം സാവധാനത്തിലായിരിക്കും. കുങ്കുമപ്പൂ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തം ഒരുപോലെ എത്തപ്പെടുകയും ഗർഭിണിയിലെ വിശപ്പും ദഹനപ്രക്രിയയും മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്യും. അസിഡിറ്റിക്ക് ആശ്വാസം നൽകാനും കുങ്കുമപ്പൂ കഴിച്ചാൽ മതി.

*രക്ത ശുദ്ധീകരണത്തിന്*

രക്തത്തെ ശുദ്ധീകരിക്കാൻ കുങ്കുമപ്പൂവിന്‌ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല, കരൾ, വൃക്ക, മൂത്രാശയം എന്നിവിടങ്ങളിലുണ്ടാകുന്ന പല രീതിയിലുള്ള രോഗങ്ങളെ ചെറുക്കാനും കുങ്കുമപ്പൂവിന്‌ കഴിയും.

*ഗർഭിണികളിൽ ഉണ്ടാകുന്ന വയറു വേദനയ്ക്ക്*

ഗർഭിണികളിൽ സാധാരണമായി കാണപ്പെടുന്ന വയറു വേദനയെ പ്രതിരോധിക്കാനും കുങ്കുമപ്പൂവിന്‌ കഴിയും. ഗർഭകാലത്ത് കുങ്കുമപ്പൂ കഴിക്കാനുള്ള വലിയൊരു കാരണവും ഇതാണ്. കൂടാതെ ഗർഭകാലത്ത് പൊതുവെ കാണപ്പെടാറുള്ള കൈകാലുകളിലെ ഞരമ്പ് വലിച്ചിൽ തടയാനും കുങ്കുമപ്പൂവിന്‌ കഴിയും.

*ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ*

ഗർഭിണികളുടെ ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കാനും കുങ്കുമപ്പൂവിന്‌ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ക്രോസെറ്റിന്‍ രക്തക്കുഴലുകളുടെയും ധമനികളുടെയും ആരോഗ്യം കാത്ത് പരിപാലിക്കും. മാത്രമല്ല, കുങ്കുമപ്പൂവിന്റെ ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും സഹായിക്കും.

*രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ*

പലർക്കും മാനസിക പിരിമുറുക്കം വളരെയേറെ അനുഭവിക്കേണ്ടി വരുന്ന സമയമാണ് ഗർഭകാലം. ഇത് പിന്നീട് അമിത രക്തസമ്മർദ്ദത്തിലേയ്ക്കും നയിക്കും. അമിത രക്തസമ്മർദ്ദം വരുതിയിലാക്കാൻ എന്താണ് ചെയ്യേണ്ടത്? ഗർഭിണികളിലെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും കുങ്കുമപ്പൂവിന്‌ കഴിയും. കുഞ്ഞിന് നിറം വർദ്ധിപ്പിക്കാനല്ല, രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ പാലിൽ കുങ്കുമപ്പൂവിന്റെ രണ്ടോ മൂന്നോ ഇഴകൾ ഇട്ട് കുടിക്കാം.

*ഗർഭിണികളിലെ സന്ധിവേദനയ്ക്ക്*

ഗർഭ കാലത്ത് മിക്ക സ്ത്രീകൾക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് സന്ധിവേദനയും പേശിവേദനയും. ഇത്തരം വേദനകൾ ലഘൂകരിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് കുങ്കുമപ്പൂ. വേദനകൾക്ക് ആശ്വാസം ലഭിക്കും.

*കണ്ണുകളുടെ ആരോഗ്യത്തിന്*

ഗർഭിണികളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരം പോലുള്ള നേത്ര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും കുങ്കുമപ്പൂവിന്‌ കഴിയും. ഇതിലടങ്ങിയിരിക്കുന്ന സഫ്‌റനാല്‍ എന്ന വസ്തു കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

 

Back to top button
error: