NEWS

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ മാത്രം പദ്ധതിയല്ല; റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളി: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:  സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ മാത്രം പദ്ധതിയല്ലെന്നും റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭാവി തലമുറയെ മുന്നില്‍ കണ്ടുള്ള വികസനമാണ് വേണ്ടതെന്നും വ്യക്തമാക്കി. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍നിന്ന് പുറത്തു പോകുന്ന വികസന പദ്ധതിയല്ല എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നതും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായിരിക്കണം വികസനം.
സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയും മാത്രമേ പദ്ധതി നടപ്പിലാക്കൂ. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല എല്‍ഡിഎഫ് നടത്തുക.

അതിവേഗ റെയില്‍പാത നാടിന് അത്ര ഗുണം ചെയ്യില്ലെന്നതും വലിയ ചെലവേറയതുമാണ് എന്നതാണ് അര്‍ധ അതിവേഗപാത തിരഞ്ഞെടുക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയ റെയില്‍പാതയെക്കുറിച്ച്‌ ചിന്തിക്കണമെന്ന് ഇന്‍ഡ്യന്‍ റെയില്‍വേയാണ് നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്ര സർക്കാര്‍ കൂടി പങ്കാളിയായ സംരംഭത്തെ എതിര്‍ക്കാനാണ് ബിജെപി ഉൾപ്പെടെയുള്ള കക്ഷികള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പദ്ധതി മുടക്കാനായി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടന്നയാളും കേന്ദ്രമന്ത്രിയും ചേര്‍ന്നാണ് നിവേദനം നല്‍കിയത്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ അര്‍ദ്ധ അതിവേ​ഗ പാതയാകാമെന്നും എന്നാല്‍ കേരളത്തില്‍ ഇതൊന്നും പാടില്ലെന്നുമാണ് ഇവരുടെ നിലപാട്.

പദ്ധതിക്കായി നിക്ഷേപം ഏറ്റെടുക്കാന്‍ തത്വത്തിലുള്ള അനുമതി കെ റെയിലിനു കേന്ദ്രം നല്‍കിയിട്ടുണ്ട്. ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഡിപിആറില്‍ വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഒട്ടും താമസമില്ലാതെ പദ്ധതി ആരംഭിക്കാന്‍ കഴിയും. കേരളത്തിലെ വികസന പദ്ധതികളെ എതിര്‍ക്കുന്ന സംഘടനകളുണ്ട്. എല്ലാ വികസന പദ്ധതികള്‍ക്കെതിരെയും വര്‍ഗീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. വര്‍ഗീയ ശക്തികളോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യസമയത്ത് പദ്ധതി നടപ്പിലാക്കാത്തതിനാലാണ് ദേശീയ പാതാ വികസനത്തിനു സംസ്ഥാനത്തിന് 5000 കോടി കൊടുക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.ഇത് നമുക്കു കിട്ടിയ ശിക്ഷയാണ്.ഏതെങ്കിലും വ്യക്തിയുടെയോ ആളുകളുടെയോ താല്‍പര്യങ്ങള്‍ക്കായി നില്‍ക്കേണ്ടവരല്ല സർക്കാർ.ദേശീയപാതാ വികസനം നാടിന്റെ ഭാവിക്കു വേണ്ടിയാണ്.എല്‍ഡിഎഫ് സർക്കാർ വന്നതോടെ, ദേശീയ പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കു നല്ലരീതിയില്‍ പുനരധിവാസം ലഭ്യമായി.മുന്‍പ് പദ്ധതിയെ എതിര്‍ത്ത ചിലര്‍ പിന്നീട് അഭിപ്രായം മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: